കാസര്‍കോട്: മദ്യക്കടത്ത് പിടികൂടാനെത്തിയ എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതി അറസ്റ്റില്‍. കാസര്‍കോട് നെല്ലിക്കുന്ന് കടപ്പുറം ധര്‍മ ദൈവം തറവാടിന് സമീപത്തെ എം സന്തോഷ് എന്ന ബൗജി സന്തോഷ്(36) ആണ് അറസ്റ്റിലായത്. തിങ്കളാഴ്ച വൈകീട്ടാണ് അക്രമം നടന്നത്. 17. 28ലിറ്റര്‍ കര്‍ണ്ണാടക നിര്‍മിത മദ്യം കടത്താന്‍ ശ്രമിക്കവെ സാക്ഷിയെ കുത്തി പരിക്കേല്‍പ്പിക്കുകയും എക്‌സൈസ് ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്ത ശേഷം ഓടി രക്ഷപ്പെടുകയായിരുന്നു. എക്‌സൈസ് ഇന്റ്റലി ജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ ഓഫിസര്‍ ഇ.കെ.ബി ജോയിക്ക് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്നാണ് റേയിഞ്ച് ഇന്‍സ്‌പെക്ടര്‍ ജെ ജോസഫും സംഘവും പ്രതിയെ തിങ്കളാഴ്ച രാത്രി തന്നെ പിടികൂടിയത്. സിവില്‍ എക്‌സൈസ് ഓഫീസര്‍മാരായ ശ്യാംജിത്ത് എം, സജിത്ത് കുമാര്‍ കെ എസ്, അജയ് ടി സി, എന്നിവരും പ്രതിയെ പിടികൂടാനെത്തിയ സംഘത്തിലുണ്ടായിരുന്നു. പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.