കോഴിക്കോട്: വിവാദമായ പന്തീരാങ്കാവ് ഗാര്‍ഹിക പീഡനക്കേസിലെ വാദിയായ യുവതി മര്‍ദനമേറ്റ നിലയില്‍ വീണ്ടും ആശുപത്രിയില്‍. യുവതിയുടെ കണ്ണിലും മുഖത്തുമാണ് പരിക്കേറ്റിട്ടുള്ളത്. ക്രൂര മര്‍ദ്ദനത്തിന് ഇരയായ സംഭവത്തില്‍ യുവതി, ഭര്‍ത്താവ് രാഹുല്‍ ഗോപാലിനെതിരെ പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കി. രാഹുല്‍ മര്‍ദിച്ചുവെന്ന് യുവതി പൊലീസിനോട് പറഞ്ഞു. എറണാകുളം നൊച്ചിത്തറ സ്വദേശിനി(26)യാണ് യുവതി. പന്തീരാങ്കാവിലെ ഭര്‍തൃവീട്ടില്‍നിന്നു പരിക്കുകളോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിക്കുകയായിരുന്നു. യുവതിയെ ആശുപത്രിയില്‍ അഡ്മിറ്റാക്കിയ ശേഷം മുങ്ങിയ ഭര്‍ത്താവ് രാഹുലിനെ പാലാഴി എന്ന സ്ഥലത്തുനിന്ന് പൊലീസ് കസ്റ്റഡിയില്‍ എടുത്തു. മദ്യപിച്ചു ബഹളം ഉണ്ടാക്കി എന്ന കേസിലാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. പുലര്‍ച്ചെ പാലാഴി ഭാഗത്ത് ഇയാള്‍ പ്രശ്‌നം ഉണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും വകുപ്പുകള്‍ ചുമത്തുന്നതെന്നും പൊലീസ് അറിയിച്ചു. ഭര്‍ത്താവിന്റെ വീട്ടില്‍നിന്നു രാത്രിയാണ് യുവതിയെ ആംബുലന്‍സില്‍ എത്തിച്ചതെന്നും ചുണ്ടിനും ഇടത്തേ കണ്ണിനും മുറിവുണ്ടെന്നും ആശുപത്രി അധികൃതര്‍ പറഞ്ഞു.
എറണാകുളത്തുനിന്നു മാതാപിതാക്കള്‍ എത്തിയാല്‍ നാട്ടിലേക്കു തിരിച്ചുപോകാന്‍ സൗകര്യം നല്‍കണമെന്നു യുവതി ആവശ്യപ്പെട്ടിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
മാസങ്ങള്‍ക്ക് മുമ്പ് യുവതി ഭര്‍ത്താവിനും ഭര്‍തൃവീട്ടുകാര്‍ക്കും എതിരെ നല്‍കിയ ഗാര്‍ഹിക പീഡനക്കേസ് ഹൈക്കോടതി റദ്ദാക്കിയിരുന്നു. പീഡനക്കേസില്‍ ഭാര്യയും ഭര്‍ത്താവും സമവായത്തിലെത്തിയതിനെ തുടര്‍ന്നായിരുന്നു ഇത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്ക് ശേഷമുണ്ടായ ഗാര്‍ഹിക പീഡന പരാതി എന്ന നിലയില്‍ സംഭവം വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു. എന്നാല്‍
കുറ്റപത്രം ദുര്‍ബലമായിരുന്നത് കേസ് റദ്ദാക്കാന്‍ കാരണമായിരുന്നതായി പറയുന്നു. യുവതിയുടെ പരാതിയില്‍ ഭര്‍ത്താവ് ഉള്‍പ്പെടെ 5 പേര്‍ക്കെതിരെയായിരുന്നു കേസ്. കേസ് അന്വേഷണത്തില്‍ വീഴ്ച വരുത്തിയെന്ന് കണ്ടെത്തി പന്തീരാങ്കാവ് പൊലീസ് ഇന്‍സ്‌പെക്ടര്‍ ഉള്‍പ്പെടെ രണ്ട് പൊലീസുകാരെ ഐജി സസ്‌പെന്‍ഡ് ചെയ്തിരുന്നു.