കുമ്പളയിലെ ആദ്യത്തെ ടൂറിസം പദ്ധതിയായ ‘കിദൂര്‍ പക്ഷി ഗ്രാമം’ഉദ്ഘാടനത്തിനൊരുങ്ങി; നിര്‍മ്മാണം അന്തിമഘട്ടത്തില്‍

കാസര്‍കോട്: നൂറുകണക്കിന് പ്രകൃതിസ്‌നേഹികളും, പക്ഷി നിരീക്ഷകരുമെത്തുന്ന കുമ്പള ഗ്രാമപഞ്ചായത്തിലെ ആദ്യത്തെ ടൂറിസം പദ്ധതിയായ കിദൂര്‍ പക്ഷി ഗ്രാമത്തിലെ ഡോര്‍മെറ്ററിയുടെ നിര്‍മ്മാണം പൂര്‍ത്തിയാവുന്നു. 90 ശതമാനം ജോലികളും പൂര്‍ത്തിയായ ഡോര്‍മെറ്ററിയുടെ ഉദ്ഘാടനം താമസിയാതെ നടക്കും. ഇനി മിനുക്ക് പണികള്‍ മാത്രമാണുള്ളത്. ജൈവവൈവിധ്യങ്ങളുടെ കലവറയാണ് കിദൂര്‍ ഗ്രാമം. 174 വ്യത്യസ്ത ഇനത്തില്‍പ്പെട്ട പക്ഷികളെ ഇവിടെ ഇതിനകം കണ്ടെത്തിയിട്ടുണ്ട്. കൂടുതല്‍ പക്ഷികളെ കണ്ടെത്താനുള്ള നിരീക്ഷണം ഇപ്പോഴും നടന്നുവരികയാണ്. കൊടും വേനലിലും വറ്റാത്ത ‘കാജൂര്‍പള്ളം’ പക്ഷി ഗ്രാമത്തിലെ പ്രധാന ആകര്‍ഷക കേന്ദ്രമാണ്. പക്ഷി കൂട്ടം ഉല്ലസിക്കുന്നതും ഇവിടെ തന്നെയാണ്. ഏറെക്കാലത്തെ മുറവിളിക്കൊടുവില്‍ 2020 ലാണ് ഡോര്‍മെറ്ററി നിര്‍മാണത്തിന് തുടക്കമിട്ടത്. നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ നാലുവര്‍ഷമെടുത്തു. ജോലി ഇഴഞ്ഞു നീങ്ങുന്നതിനെതിരെ വ്യാപക പ്രതിഷേധം ഉടലെടുത്തിരുന്നു. അനുവദിച്ച ഫണ്ട് യഥാസമയം ലഭിക്കാത്തത് നിര്‍മ്മാണ പ്രവര്‍ത്തിയെ ബാധിച്ചു എന്നാണ് അധികൃതരുടെ വാദം. അന്യസംസ്ഥാനങ്ങളില്‍ നിന്ന് പോലും പക്ഷി ഗ്രാമത്തിലെത്തുന്ന പക്ഷി നിരീക്ഷകരും, ഗവേഷകരും, വിദ്യാര്‍ത്ഥികളുമൊക്കെ ഒട്ടനവധി പരിപാടികളാണ് കിദൂര്‍ പക്ഷി ഗ്രാമത്തില്‍ സംഘടിപ്പിച്ചു വരുന്നത്. കുമ്പള ഗ്രാമപഞ്ചായത്തും ഒട്ടനവധി പരിപാടികള്‍ ഇവിടെ സര്‍ക്കാര്‍ സഹകരണത്തോടെ സംഘടിപ്പിച്ചിരുന്നു. പ്രകൃതി രമണീയമായ സ്ഥലമായതുകൊണ്ട് തന്നെ ടെന്റ് കെട്ടി ക്യാമ്പുകള്‍ വരെ ഇവിടെ സംഘടിപ്പിച്ചു വരുന്നുണ്ട്. ഇത്തരത്തിലുള്ള പരിപാടികള്‍ക്കാണ് ഡോര്‍മെറ്ററി നിര്‍മ്മാണം തുടങ്ങിയത്. ഇതിനായി കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി 60 ലക്ഷം രൂപയുടെ പദ്ധതിയാണ് അനുവദിച്ചിരുന്നത്. നിര്‍മ്മാണം പൂര്‍ത്തിയായ ഡോര്‍മെറ്ററിയില്‍ സ്ത്രീകള്‍ക്കും, പുരുഷന്മാര്‍ക്കുമായി താമസത്തിന് വെവ്വേറെ മുറികള്‍, മീറ്റിംഗ് ഹാള്‍, ശുചി മുറി, അടുക്കള, ഓഫീസ് മുറി എന്നിവയാണ് പ്രാരംഭഘട്ടത്തില്‍ നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മിതി കേന്ദ്രത്തിനായിരുന്നു നിര്‍മ്മാണ ചുമതല. കിദൂരിലെ പക്ഷി ഗ്രാമം ടൂറിസം പദ്ധതി യാഥാര്‍ത്ഥ്യമാകുന്നതോടെ തൊട്ടടുത്തുള്ള ആരിക്കാടി കോട്ട, അനന്തപുരം തടാക ക്ഷേത്രം, ഷിറിയ പുഴ അണക്കെട്ട് തുടങ്ങിയവ ടൂറിസം പദ്ധതികളില്‍ ഇടം പിടിക്കുമെന്ന പ്രതീക്ഷ നാട്ടുകാരിലുണ്ട്.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page