റിയാദ്: പുണ്യ, ചരിത്ര സ്ഥലങ്ങളിലേക്കുള്ള യാത്രക്കിടെ കുഴഞ്ഞുവീണ് ആശുപത്രിയിലായ കാസര്‍കോട് സ്വദേശിയായ ഉംറ തീര്‍ഥാടകന്‍ മരിച്ചു. സ്വകാര്യ ഗ്രൂപ്പ് വഴി ഉംറക്കെത്തിയ കാസര്‍കോട് മഞ്ചേശ്വരം കടമ്പാര്‍ സ്വദേശി കല്ലകട്ട ഈസ (72) ആണ് ശനിയാഴ്ച രാവിലെ യാംബു ജനറല്‍ ആശുപത്രി തീവ്രപരിചരണ വിഭാഗത്തില്‍ മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ഭാര്യയോടും ബന്ധുക്കളോടുമൊപ്പം ഈസ ഉംറക്കെത്തിയത്. മക്കയില്‍ കര്‍മങ്ങള്‍ പൂര്‍ത്തിയാക്കി മദീനയിലേക്കുള്ള യാത്രാവേളയില്‍ ബദ്ര്‍ സന്ദര്‍ശിക്കുന്നതിനിടയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആദ്യം ബദ്‌റിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. പിന്നീട് വിദഗ്ധ ചികിത്സക്കായി യാംബു ജനറല്‍ ആശുപതിയില്‍ എത്തിക്കുകയായിരുന്നു. 10 ദിവസമായി തുടരുന്ന ചികിത്സക്കിടെയാണ് മരണം. ഭാര്യ റുഖിയ ഉംറ കഴിഞ്ഞ് നാട്ടിലേക്ക് മടങ്ങിയിയിരുന്നു. യാംബു ജനറല്‍ ആശുപത്രിയിലുള്ള മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവിടെ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു. മകന്‍ മുഹമ്മദ് റഫീഖ്, കെ.എം.സി.സി നേതാക്കളായ അബ്ദുറസാഖ് നമ്പ്രം, മുഹമ്മദ് കുട്ടി ജിദ്ദ, അബ്ദുല്‍ ഹമീദ് കൊക്കച്ചാല്‍, കാസര്‍കോട് മലയാളി കൂട്ടായ്മ പ്രവര്‍ത്തകരും നടപടികള്‍ പൂര്‍ത്തിയാക്കാന്‍ രംഗത്തുണ്ട്.
പരേതരായ മുഹമ്മദ് പ്യാരി, ഖൈജമ്മ ദമ്പതികളുടെ മകനാണ്. മക്കള്‍: മുഹമ്മദ് റഫീഖ് (ത്വാഇഫ്), ബദര്‍ മുനീര്‍ (ഖത്തര്‍), ആഇഷ, ജമീല, ഫൗസിയ, സാജിത. മരുമക്കള്‍: ഇബ്രാഹീം, മുഹമ്മദ് റഹ്‌മാന്‍, മൂസ, ജമാല്‍, മിസ്രിയ, റസിയ. സഹോദരങ്ങള്‍: അബ്ദുല്ല, മറിയുമ്മ.
