കാസർകോട്: കാഞ്ഞിരപ്പൊയിലിൽ സ്വകാര്യ പറമ്പിൽ മഹാശിലാ കാലഘട്ടത്തിൽ നിർമ്മിച്ചതെന്ന് കരുതുന്ന കാൽച്ചുവടുകൾ കണ്ടെത്തി. പാറയിൽ കൊത്തിയെടുത്ത ചവിട്ടടയാളങ്ങളാണ് പ്രാദേശിക പുരാവസ്തു നിരീക്ഷകനായ സതീശൻ കാളിയാനം കണ്ടെത്തിയത്. വ്യക്തമല്ലാത്ത ശിലാചിത്രങ്ങൾ കാണപ്പെട്ട വിവരം അറിയച്ചതിനെ തുടർന്ന് സ്ഥലം സന്ദർശിച്ച പുരാവസ്തു ഗവേഷകൻ പ്രൊഫ. അജിത്ത് കുമാർ, ചരിത്ര ഗവേഷകനായ ഡോ. നന്ദകുമാർ കോറോത്ത് എന്നിവരാണ് പാറപ്പുറത്ത് വളർന്നു നിൽക്കുന്ന പുല്ലുകൾക്കിടയിൽ പുരാതന സംസ്കാരത്തിൻ്റെ വിസ്മയകരമായ അടയാളങ്ങൾ തിരിച്ചറിഞ്ഞത്. ഇരുപത്തിനാല് ജോഡി കാൽപാദങ്ങളും ഒരു മനുഷ്യ രൂപവുമാണ് പാറയിൽ കോറിയിട്ട നിലയിലുള്ളത്. ആറ്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ഇഞ്ച് വീതം നീളത്തിലുള്ളതാണ് ചിത്രപ്പണികൾ. കാൽപാദങ്ങൾ അവസാനിക്കുന്നിടത്ത് ഒരു മനുഷ്യ രൂപവും കൊത്തി വച്ചിട്ടുണ്ട്. മനുഷ്യരൂപത്തിൻ്റെ ചുറ്റിലുമായി വൃത്താകൃതിയിലുള്ള നാല് കുഴികളും കാണപ്പെടുന്നു. സമാനമായ ശിലാ ചിത്രങ്ങൾ ഉഡുപ്പി ജില്ലയിലെ അവലക്കിപ്പാറയിൽ വർഷങ്ങൾക്ക് മുമ്പ് കണ്ടെത്തിയിരുന്നു. രണ്ടായിരത്തോളം വർഷം പഴക്കമുള്ള ശിലാ ചിത്രങ്ങൾ മടിക്കൈ ഗ്രാമ പഞ്ചായത്തിൻ്റെയും കേരളത്തിൻ്റെയും മുൻകാല സംസ്കാരത്തിൻ്റെ നേർക്കാഴ്ചകളാണ്. തുടർന്നു നടത്തിയ നിരീക്ഷണങ്ങളിൽ സമീപത്തുള്ള കോതോട്ടുപാറയിൽ തോരണത്തിൻ്റെ ആകൃതിയിലുള്ള ശിലാ ചിത്രവും കണ്ടെത്തി. കാസർകോട് ജില്ലയിലെ എരിക്കുളം വലിയ പാറയിലെ തോരണങ്ങളും ബങ്കളം ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിനു സമീപത്ത് കാണപ്പെടുന്ന പായുന്ന പുലിയുടെ രൂപവും ചീമേനി അരിയിട്ട പാറയിലെ രണ്ട് മനുഷ്യ രൂപങ്ങളും കാളകളുടേയും മറ്റു മൃഗങ്ങളുടേയും രൂപങ്ങളും കണ്ണൂർ ജില്ലയിലെ ഏറ്റുകുടുക്കയിലുള്ള കാളകളുടെ രൂപവും വയനാട് ജില്ലയിലെ ഇടക്കൽ ഗുഹയിൽ കാണപ്പെടുന്ന രൂപങ്ങളുമാണ് ഉത്തര കേരളത്തിൽ നിന്ന് മുൻ കാലങ്ങളിൽ കണ്ടെത്തിയിട്ടുള്ള പ്രാചീന ശിലാ ചിത്രങ്ങൾ.
