ഒരാളെപ്പോലെ ഏഴ് പേരുണ്ടാകുമെന്ന് ഞാനെവിടെയോ പറഞ്ഞു കേട്ടിട്ടുണ്ട്. അതിനെ സ്ഥിരീകരിക്കും പോലെ ഞാനൊരാളെ കണ്ടു. കാഴ്ചയില്‍ സെലിനെ പോലെ തന്നെയുണ്ട്. പക്ഷെ അതവളല്ല. സെലിന്‍, വര്‍ഷങ്ങള്‍ക്കുശേഷം അവള്‍ വീണ്ടുമെന്റെ ഓര്‍മ്മയിലേക്ക് കടന്നുവന്നു. അവളെ ഞാന്‍ പരിചയപ്പെട്ടത് രണ്ട് മണിക്കൂര്‍ നേരമെടുത്ത ഒരു ക്ലാസില്‍ വെച്ചായിരുന്നു. ബാലവാടി ടീച്ചര്‍മാരുടെ പരിശീലന ക്ലാസായിരുന്നു വേദി. സാമൂഹ്യക്ഷേമ വകുപ്പിന്റെ എക്സ്റ്റന്‍ഷന്‍ സെന്ററില്‍ വെച്ചാണ് പരിശീലനം നടക്കുന്നത്. സെലിന്‍ അവിടെ പരിശീലനത്തിന് വന്നതായിരുന്നു.
‘അനൗപചാരിക വിദ്യാഭ്യാസം എന്നാല്‍ എന്ത്? എന്തിന്? എങ്ങിനെ?്’ എന്ന വിഷയത്തെ അധികരിച്ച് ക്ലാസെടുക്കാനാണ് ഞാന്‍ ചെന്നത്. ബാലവാടിയിലെ ബോധനം തികച്ചും അനൗപചാരിക രീതിയിലാണല്ലോ സംഘടിപ്പിക്കേണ്ടത്.
ആ വിഷയത്തില്‍ പരിശീലകര്‍ക്ക് അവഗാഹമുണ്ടാക്കുകയെന്നതാണ് എന്റെ ദൗത്യം.
അതിനുള്ള തയ്യാറെടുപ്പോടെയാണ് എന്റെ സമീപനവും. അറുപത് പേരാണുള്ളത്. എല്ലാം സ്ത്രീകളാണ്.
ശാന്തത മുറ്റിനില്‍ക്കുന്ന ഹാള്‍. ഹാളിലെത്തുമ്പോള്‍ ഭവ്യതയോടെ അവര്‍ എഴുന്നേറ്റ് നിന്നു.
ശരിക്കും പാകതയും പക്വതയും കൈവന്നവരാണ് ഹാളിലിരിക്കുന്നതെന്ന് ഒറ്റ നോട്ടത്തില്‍ വ്യക്തമായിരുന്നു.
ഒരു ജോലിക്കു വേണ്ടി വേഴാമ്പലിനെ പോലെ കാത്തിരിക്കുന്നവരാണവര്‍. മൂന്നു മാസത്തെ കോഴ്‌സ് പൂര്‍ത്തിയായാല്‍ ബാലവാടി ടീച്ചറായി ജോലിയില്‍ പ്രവേശിക്കാം. പത്തു മുതല്‍ 12 മണി വരെയാണ് ക്ലാസ്. നിരവധി സംശയങ്ങളുമായി പലരും എഴുന്നേറ്റു നിന്നു. സമയം ഒരു മണി കഴിഞ്ഞു. യാത്ര പറഞ്ഞിറങ്ങുമ്പോള്‍ ടീം ലീഡര്‍മാരായ മൂന്ന് പേര്‍ എന്റെയടുത്തെത്തി. ‘സാര്‍ ഭക്ഷണം റെഡിയായിട്ടുണ്ട്.’ അത് കേട്ടപ്പൊ കഴിച്ചിട്ട് പോകാമെന്നു ഞാനും കരുതി.
അങ്ങനെ ഭക്ഷണവുമായി അവരെത്തി. മൂന്നു പേരും സ്വയം പരിചയപ്പെടുത്തി.
‘ഞാന്‍ സെലിന്‍ താമരശ്ശേരിയാണ് വീട്’
ഞാന്‍ രാജാമണി പട്ടാമ്പിയാണ് വീട്
ഞാന്‍ മീനാക്ഷി കള്ളാറിലാണ് വീട്
അവരുടെ സംസാര രീതിയും എളിമയോടെയുള്ള ഇടപെടലും ഹൃദ്യമായി തോന്നി. സാര്‍ ഒരു തവണ കൂടി വരണമെന്നാണ് ഞങ്ങളുടെ എല്ലാവരുടേയും ആഗ്രഹം. ഇക്കാര്യം പ്രിന്‍സിപ്പാളിനോട് ഞങ്ങള്‍ സംസാരിക്കും.
സാര്‍ എന്തായാലും വന്നേ പറ്റൂ. നീണ്ടു മെലിഞ്ഞ സെലിനാണ് കൂടുതല്‍ താല്‍പര്യത്തോടെ സംസാരിച്ചത്.
ഓഫീസ് മുറിയില്‍ ചെന്ന് ഹോണറേറിയം കൈപ്പറ്റി. പ്രിന്‍സിപ്പാളും കുട്ടികളുടെ നിര്‍ദ്ദേശം അംഗീകരിച്ചുവെന്നു തോന്നുന്നു. എന്നെ കണ്ട ഉടനെ അദ്ദേഹം പറഞ്ഞു:
‘സാറിന് സൗകര്യമുള്ള ഒരു ദിവസം ഒന്നുകൂടി വരണം.’
‘ശരി സാര്‍ നോക്കാം’
ആ ക്ഷണം ഞാന്‍ അപ്പോള്‍ തന്നെ സ്വീകരിക്കുകയും ചെയ്തു. സെലിന്‍ ഗേറ്റ് വരെ വന്നു എന്നെ കൈവീശി യാത്രയാക്കി. എന്റെ ജീവിതത്തില്‍ അവിചാരിതമായ സംഭവങ്ങളാണല്ലോ ഉണ്ടാവുക.അത് പോലെ തന്നെ ഇവിടെയും സംഭവിച്ചു.രണ്ടു മൂന്ന് ദിവസത്തിന് ശേഷം അപ്രതീക്ഷിതമായി സെലിന്റെ ഒരു കത്തു വന്നു.’സാറിന്റെ ക്ലാസ്സ് മറക്കാന്‍ കഴിയാത്ത ഒരനുഭവമായിരുന്നു. ഞങ്ങള്‍ക്കെല്ലാവര്‍ക്കും സാറിന്റെ സംസാര രീതിയും വിഷയാവതരണവും മനസ്സില്‍ തട്ടിയിരുന്നു.’
ഇങ്ങനെ നീണ്ടുപോകുന്നതായിരുന്നു ആ കത്തിന്റെ ഉള്ളടക്കം.
അങ്ങനെ അടുത്ത ക്ലാസെടുക്കാനുള്ള അറിയിപ്പു കിട്ടി. ഔദ്യോഗികമായ വേറൊരു പ്രധാന പരിപാടിയുള്ളതിനാല്‍ എനിക്ക് പങ്കെടുക്കാന്‍ പറ്റിയില്ല. അതിന്റെ അടിസ്ഥാനത്തില്‍ വീണ്ടും സെലിന്റെ കത്ത് വന്നു.
അതൊരു പരിഭവം പറച്ചിലായിരുന്നു. ക്ലാസിന് ചെല്ലാത്തതിനുള്ള പരിഭവം. ആകാംക്ഷയോടെ കാത്തിരുന്ന കാര്യം. സ്പെഷല്‍ ഫുഡ് ഉണ്ടാക്കിയ കാര്യം വീണ്ടും എന്നു കാണുമെന്ന പരിഭവത്തോടെയുള്ള ചോദ്യവുമൊക്കെ ഉണ്ടായിരുന്നു.
കോഴ്‌സ് കാലാവധി കഴിഞ്ഞുവെന്നും നാട്ടിലേക്ക് പോവാന്‍ റെഡിയായെന്നും സാര്‍ നാട്ടിലേക്ക് വരണമെന്നുകൂടി ആ കത്തിലുണ്ടായിരുന്നു. നാട്ടിലെത്തിയ സെലിന്‍ വീണ്ടുമെഴുതി. ഞാനും അച്ഛനുമമ്മയും കാത്തിരിക്കുകയാണ്.
സാറിനെക്കുറിച്ചും ക്ലാസിനെ കുറിച്ചും അച്ഛനോടും അമ്മയോടും പറഞ്ഞിരുന്നു. അവര്‍ക്കും സാറിനെ കാണാന്‍ മോഹം എന്നൊക്കെയായിരുന്നു അതില്‍.
സത്യത്തില്‍ ഞാന്‍ വല്ലാതെ അത്ഭുതപ്പെട്ടു. ഈ കുട്ടിക്ക് എന്ത് പറ്റി? ഇങ്ങനെയൊക്കെ ആഗ്രഹം പറയാനെന്നൊക്കെ തോന്നിയിരുന്നു.
താമരശ്ശേരിയെക്കുറിച്ച് പറഞ്ഞു കേട്ടിട്ടുണ്ട്. മലയോരമാണ്. കോഴിക്കോട് നിന്ന് അവിടെയെത്താന്‍ നിരവധി വളവുകളും തിരിവുകളുമുണ്ട് എന്നൊക്കെ. വേനല്‍ക്കാലത്ത് നല്ല സുഖശീതളമായ കാലാവസ്ഥയാണെന്നും അറിഞ്ഞിട്ടുണ്ട്.
എങ്കിലും മറുപടി കത്തില്‍ ഏപ്രില്‍ ആദ്യത്തെ ആഴ്ച വരാമെന്ന് സെലിന് ഞാന്‍ വാക്കു കൊടുത്തു.
ചെല്ലാമെന്നേറ്റതിന് ഒരു കാരണം കൂടി ഉണ്ടായിരുന്നു. അവള്‍ സേവനം നടത്തുന്ന കോളനി കാണാനും അവിടുത്തുകാരോട് സംസാരിക്കാനുമാണ് എന്നെ പ്രധാനമായും വിളിക്കുന്നത്. അത് കൊണ്ട് തന്നെ പറഞ്ഞ ദിവസം ഞാന്‍ അവിടേക്ക് ചെന്നു. കോഴിക്കോട് പഴയ ബസ്റ്റാന്‍ഡില്‍ 11 മണിയോടെ എത്തണമെന്നും അവിടെ ടെലിഫോണ്‍ ബൂത്തിനടുത്തു അവള്‍ കാത്തു നില്‍ക്കുമെന്നാണ് അറിയിച്ചത്. അങ്ങനെ ഞാന്‍ വീട്ടില്‍ നിന്ന് പുറപ്പെട്ട് ബസ് സ്റ്റോപ്പിലെത്തി. രാവിലെ 6.30 മണിക്കുള്ള ജയശ്രീ ബസ്സില്‍ കയറിയാല്‍ 11 മണിക്ക് കോഴിക്കോട്ടെത്തും. പ്രതീക്ഷിച്ചത് പോലെ കൃത്യമായി ബസ്സ് കിട്ടി. നോക്കുമ്പോള്‍ പറഞ്ഞ സ്ഥലത്ത് സെലിന്‍ കാത്തുനില്‍പ്പുണ്ട്. അവളെ കണ്ടപ്പോഴാണ് സമാധാനമായത്. ‘താമരശ്ശേരി ബസ്സ് 11.30 നേ പുറപ്പെടുകയുള്ളു. അതിന് മുമ്പ് നമുക്കൊരു കാപ്പി കുടിക്കാം’ അവളതും പറഞ്ഞു കൊണ്ട് അടുത്തു കണ്ട ഒരു ഹോട്ടലിലേക്ക് കയറി ചെന്നു. പറഞ്ഞത് പോലെ തന്നെ ഞങ്ങള്‍ ചായ കുടിച്ചു. പുറത്തിറങ്ങുമ്പോഴേക്കും ബസ് റെഡിയായി നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ ഒരേ സീറ്റിലിരുന്നായിരുന്നു യാത്ര.
ഓരോ വളവ് കയറുമ്പോഴും പ്രാദേശികമായ പ്രത്യേകതയുള്ള സ്ഥലത്തെത്തുമ്പോഴും അതിന്റെ പ്രത്യേകത അവള്‍ വിവരിക്കും. അതുകൊണ്ടു തന്നെ യാത്ര മടുപ്പില്ലാത്തതായി തോന്നി. ബസ്സിറങ്ങി കുറച്ചു കൂടെ നടന്നാലേ സെലിന്റെ വീട്ടിലെത്തൂ. അവിടെ എത്തുമ്പോഴേക്കും സന്ധ്യയോടടുത്തിരുന്നു. സുന്ദരമായ പ്രദേശം. കുന്നിന്‍ ചരുവിലാണ് വീട്.
പഴയ സ്റ്റൈലിലാണ് വീട്. പകുതി ഭാഗം ഓടു മേഞ്ഞതും പകുതി പുല്ല് മേഞ്ഞതുമായിരുന്നു. ചാണകം മെഴുകി മനോഹരമാക്കിയിട്ടുള്ള നിലം. പൂര്‍ണ്ണ ചന്ദ്രനുദിച്ചു വരുന്ന കാഴ്ച ആ കളത്തിലിരുന്ന് കാണാം. പിന്നെ വീടിന് കുറച്ചകലെയായി കാട്ടരുവി ഒഴുകുന്നു. അതിലാണ് അവര്‍ കുളിയും മറ്റും നടത്തുക. അച്ഛന് അറുപത് കഴിഞ്ഞു കാണും അമ്മയ്ക്കും അതിനടുത്ത് പ്രായമുണ്ട്. നാലുപേരും കളത്തിലിട്ട ചൂടി കട്ടിലുകളിലിരുന്നു അല്‍പ നേരം സംസാരിച്ചു. സ്നേഹം വഴിഞ്ഞൊഴുകുന്ന സംസാരം. ആരായാലും കേട്ടിരുന്നു പോകും. ‘മോളേ സെലിന്‍ അരുവിക്കര ചെന്ന് സാറിന് കുളിക്കാനുള്ള സൗകര്യം ചെയ്തു കൊടുക്കൂ.’
അതിനിടയില്‍ അവളുടെ അമ്മ പറഞ്ഞു നിര്‍ത്തി. കേള്‍ക്കേണ്ട താമസം സെലിന്‍ തോര്‍ത്തും ലുങ്കിയുമെടുത്തു എനിക്ക് മുന്നില്‍ നടന്നു. ഹോ എന്തൊരു മനോഹരമായ തെളിനീര്‍, ചന്ദ്രപ്രകാശത്തില്‍ അതിങ്ങനെ തെളിഞ്ഞു കാണുന്നുണ്ട്.
‘പേടിയുണ്ടോ ഇറങ്ങാന്‍’ എന്റെ പരുങ്ങല്‍ കണ്ടപ്പോള്‍ ഒരു ചിരിയോടെ അവള്‍ ചോദിച്ചു.
‘ഹേയ് ഇല്ല.’ അതിന് ഞാന്‍ മറുപടി പറയുകയും ചെയ്തു. എങ്കിലും എന്റെ ധൈര്യമില്ലായ്മ കണ്ട് സെലിന്‍ അടുത്ത് വന്ന് അരുവിയിലേക്ക് എന്നെ കൈ പിടിച്ചിറക്കി. വെള്ളം കാലില്‍ തട്ടിയപ്പോള്‍ തണുപ്പ് ശരീരമാകെ ഇരച്ചുകയറി.
എന്റെ കുളി കഴിയും വരെ അവള്‍ അരുവിക്കരയിലെ കരിങ്കല്‍ പാറയിലിരുന്ന് കൊള്ളാമെന്നു പറഞ്ഞു.
ഞാന്‍ സെലിന്റെ ഇരുത്തം ശ്രദ്ധിച്ചു. ചന്ദ്രിക ചാലിച്ച ആ സന്ധ്യയില്‍ അവള്‍ തിളങ്ങുന്നതായി തോന്നി.
അവളും എന്നെ ശ്രദ്ധിച്ചു കൊണ്ടിരിക്കുന്നുണ്ട്. കുളി കഴിഞ്ഞു എന്ന് വിളിച്ചു പറഞ്ഞപ്പോള്‍ സെലിന്‍ വീണ്ടും ഓടിയെത്തി. കയ്യിലുണ്ടായ തോര്‍ത്ത് കൊണ്ട്, അനുവാദം ചോദിക്കാതെ അവളെന്റെ തല തുവര്‍ത്തിത്തന്നു.
തണുപ്പു കൊണ്ട് ഞാന്‍ വിറച്ചു നില്‍ക്കുകയായിരുന്നു. അവളുടെ സ്നേഹസ്പര്‍ശം എന്നെ പുളകിതനാക്കി.
ഈറന്‍ മാറി അരുവിക്കരയില്‍ നിന്ന് മുകളിലോട്ട് കയറി. വീടെത്തി. ഇനി പുറത്തിരിക്കേണ്ട അകത്തു കയറിയിരിക്കൂ.
തണുപ്പ് കൂടി വരികയല്ലേ?അച്ഛന്‍ ഉമ്മര്‍ത്തു നിന്ന് വിളിച്ചു പറഞ്ഞു. വീട് ചെറുതാണെങ്കിലും അകത്ത് സൗകര്യമുണ്ട്.
ഹാളിലിരുന്ന ഞങ്ങളുടെ മുന്നിലേക്ക് പ്രത്യേക മണമുള്ള ചുടു കാപ്പി അമ്മ കൊണ്ടു വെച്ചു.
നാലു പേരും ഒപ്പമിരുന്ന് കാപ്പി നുണഞ്ഞു കൊണ്ടിരിക്കേ അമ്മ വീണ്ടും ചര്‍ച്ചയ്ക്ക് തുടക്കമിട്ടു.
‘സാറെ ഞങ്ങള്‍ക്ക് ആണും പെണ്ണുമായിട്ട് ഈ കൊച്ചു മാത്രമെയുള്ളു.
വിവാഹപ്രായം കഴിഞ്ഞു നില്‍ക്കയല്ലേ? സാറ് വിചാരിച്ചാല്‍ അനുയോജ്യനായ ചെറുപ്പക്കാരനെ കിട്ടും.
സാറിന് അറിയുന്ന ഏതെങ്കിലും നാട്ടില്‍ നിന്നായാലും മതി. ‘അല്‍പം സങ്കടത്തോടെ അവര് പറഞ്ഞു നിര്‍ത്തി.
‘ഈ അമ്മച്ചി എന്തിനാ ഇത് പറയുന്നേ?’ഇക്കാര്യം സംസാരിക്കാനാണോ എന്നെ വരുത്തിയത് എന്ന് ആലോചിക്കവേ സെലിന്‍ എന്റെ നേര്‍ക്ക് കണ്ണിറുക്കി കാണിച്ചു. മറുപടിയൊന്നും പറയേണ്ട എന്ന ശരീരഭാഷയായിരുന്നു അത്.
ഞാന്‍ ചിരിച്ചു.നോക്കാമെന്ന് അവരോട് പറയുകയും ചെയ്തു. നിമിഷം സെലിന്റെ ഉള്ളില്‍ എന്തോ ആഗ്രഹം ഒളിപ്പിച്ചു വെച്ചിട്ടുണ്ടോ എന്നൊരു സംശയം എന്റെ മനസ്സിലുദിച്ചു. വീട്ടിനകത്തും ചൂടിക്കട്ടിലുകളാണ്. കാട്ടുമരത്തിന്റെ ചട്ടയാണ്.
കിടക്കാന്‍ നല്ല സുഖം. ഭക്ഷണ ശേഷം കളത്തിലൊന്നു കൂടി ഇറങ്ങി പൂര്‍ണ ചന്ദ്രനും തെളിനീരൊഴുകുന്ന ചോലയും, മരച്ചില്ലകളില്‍ പറ്റിപ്പിടിച്ചു തിളങ്ങുന്ന മഞ്ഞിന്‍ കണങ്ങളും മനോഹര കാഴ്ച തന്നെ.
അത് കണ്ടപ്പോള്‍ സെലിനും പുറത്തേക്ക് വന്നു. ‘സാറെ അകത്തേക്ക് കയറൂ, വെറുതെ പനി വരുത്തേണ്ടാ’
അത് കേട്ടപ്പോള്‍ ഞാന്‍ അകത്തേക്ക് കയറി. വിശാലമായ ഹാളില്‍ നാല് ചൂടിക്കട്ടില്‍ നാല് ചുമരിനോട് ചേര്‍ത്തുവെച്ചിട്ടുണ്ട്. ഉള്ളതില്‍ കുറച്ചു കൂടുതല്‍ വീതിയുള്ള കട്ടില്‍ ചൂണ്ടിക്കാട്ടി ‘സാര്‍ ഇതില്‍ കിടന്നോളൂയെന്ന് അവളുടെ അച്ഛന്‍ പറഞ്ഞു. ഒരു പതുപതുത്ത വിരിപ്പും സമ്മാനിച്ചു. ഞാന്‍ കിടന്നു. സെലിന്‍ വന്ന് കമ്പിളി മുടി പുതപ്പിച്ചു. അറിയാത്തൊരിടം. അപരിചിതരായ മനുഷ്യര്‍, എത്ര ശ്രമിച്ചിട്ടും ഉറക്കം വരുന്നില്ല. മുറിയുടെ നടുക്ക് മണ്ണെണ്ണ വിളക്ക് തിരിതാഴ്ത്തിവെച്ചിട്ടുണ്ട്. പലതുകൊണ്ടും ഭയന്നെങ്കിലും ഒന്നും സംഭവിച്ചില്ല. രാവിലെ എഴുന്നേറ്റു.
പ്രഭാതകൃത്യങ്ങളും കുളിയും കുളിമുറിയില്‍ ഒരുക്കി വെച്ച ചൂടുവെള്ളത്തില്‍ കഴിച്ചു.എല്ലാം സെലിന്‍ ശ്രദ്ധയോടെ ചെയ്തു തന്നു. വീണ്ടും കുന്നു കയറി കോളനിയിലെത്തി. നിവാസികളുമായി മുഖാമുഖം നടത്തി.ഒടുവില്‍ തിരിച്ചുള്ള യാത്രയ്ക്ക് സമയമായി.കോഴിക്കോട് വരെ സെലിനും വന്നിരുന്നു. എന്നെ നാട്ടിലേക്കുള്ള ബസ്സ് കയറ്റി.
ഞാന്‍ കയറുന്നതിന് മുമ്പേ അവളെന്റെ കൈയ്യില്‍ ഒന്നമര്‍ത്തിപ്പിടിച്ചു. ആ നിമിഷം വല്ലാത്തൊരു അനുഭൂതി തോന്നിയിരുന്നു.ഞാനും അവളും ഒന്നും പറഞ്ഞില്ല. പക്ഷെ അവള്‍ അവളുടെ കണ്ണുകള്‍ തുടക്കുന്നുണ്ടായിരുന്നു.
എന്തിനാണെന്ന് ഞാന്‍ ചോദിച്ചതുമില്ല.എന്തോ ഒന്ന് പറയാന്‍ ബാക്കി വെച്ചതുപോലെ അവളുടെ കണ്ണില്‍ നിന്ന് ഞാന്‍ മറയുന്നത് അവളെന്നെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു.
