അബൂദാബി: കലാലയം സാംസ്‌കാരിക വേദിയുടെ പതിനാലാമതു യു.എ.ഇ പ്രവാസി സാഹിത്യോത്സവ് ഞായറാഴ്ച അബൂദാബി നാഷനല്‍ തിയേറ്ററില്‍ നടക്കും. രജിസ്റ്റര്‍ ചെയ്ത 7119 മത്സരാര്‍ത്ഥികളില്‍ നിന്ന് യൂനിറ്റ്, സെക്ടര്‍, സോണ്‍ തല മത്സരങ്ങളില്‍ വിജയികളായ ആയിരം പേര്‍ ദേശീയ സാഹിത്യോത്സവില്‍ മത്സരിക്കും. ‘പരദേശിയുടെ നിറക്കൂട്ട്’ എന്ന പേരില്‍ സംഘടിപ്പിക്കപ്പെടുന്ന പ്രവാസി സാഹിത്യോത്സവില്‍ ജൂനിയര്‍, സെക്കണ്ടറി, സീനിയര്‍, ജനറല്‍, എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങള്‍. യു.എ.ഇ.യിലെ വിവിധ സ്‌കൂളുകളില്‍ ക്യാമ്പസ് വിഭാഗത്തില്‍ പ്രത്യേക മത്സരങ്ങളും നടക്കും. പ്രവാസി വിദ്യാര്‍ത്ഥി-യുവജനങ്ങളില്‍ നിന്ന് കലാ സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി അവസരവും പരിശീലനവും നല്‍കി കഴിവു വളര്‍ത്തിക്കൊണ്ടുവരികയും സാമൂഹിക പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സാഹിത്യോത്സവിലൂടെ ലക്ഷ്യമാക്കുന്നത്. മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, സൂഫിഗീതം, മലയാള പ്രസംഗം, കഥാരചന, കവിതാരചന, കോറല്‍ റീഡിങ്, കൊളാഷ്, സ്‌പോട് മാഗസിന്‍ തുടങ്ങി 73 ഇനങ്ങളിലാണ് 12 വേദികളില്‍ നടക്കുന്ന സാഹിത്യോത്സവ് രാവിലെ 7 മണിക്ക് ആരംഭിക്കും. വൈകീട്ട് 7 മണിക്ക് നടക്കുന്ന സാംസ്‌കാരിക സമ്മേളനം ശൈഖ് അലി അല്‍ ഹാഷ്മി ഉദ്ഘാടനം ചെയ്യും. എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്‌കാരിക വ്യവസായ പ്രമുഖര്‍ പങ്കെടുക്കും. ഗ്ലോബല്‍ കലാലയം കഥ, കവിത പുരസ്‌കാര ജേതാക്കള്‍ക്കുള്ള പുരസ്‌കാര വിതരണവും സാംസ്‌കാരിക സമ്മേളനത്തില്‍ നടക്കും. സംഘാടക സമിതി ചെയര്‍മാന്‍ ഉസ്മാന്‍ സഖാഫി തിരുവത്ര, കണ്‍വീനര്‍ ഹംസ അഹ്‌സനി, ആര്‍.എസ്.സി ഗ്ലോബല്‍ ചെയര്‍മാന്‍ സകരിയ ശാമില്‍ ഇര്‍ഫാനി, ഗ്ലോബല്‍ സെക്രട്ടറി മുസ്തഫ കൂടല്ലൂര്‍, ആര്‍.എസ്.സി.യു. എ.ഇ നാഷനല്‍ സെക്രട്ടറിമാരായ സിദ്ധീഖ് പൊന്നാട്, സഈദ് സഅദി എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പരിപാടികള്‍ വിശദീകരിച്ചു.
ശൈഖ് അലി അല്‍ ഹാഷ്മിയ്ക്ക് ടോളറന്‍സ് അവാര്‍ഡ്
അബുദാബി: യു.എ.ഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‌യാന്റെ മത ഉപദേഷ്ടാവ് ശൈഖ് അലി ബിന്‍ അല്‍ സയ്യിദ് അബ്ദുല്‍ റഹ്‌മാന്‍ അല്‍ ഹാഷിമിക്കു പ്രവാസി സാഹിത്യോത്സവില്‍ ടോലറന്‍സ് അവാര്‍ഡ് നല്‍കും.
ബഹുസ്വരതയെയും പരസ്പര ബഹുമാനത്തെയും കുറിച്ചുള്ള കാഴ്ചപ്പാടുകളുടെ പ്രചരണവും ലോക സമാധാനത്തിനും സഹിഷ്ണുതക്കും യു.എ.ഇ മുന്നോട്ടുവെക്കുന്ന ആശയങ്ങളെ ആഗോള സമൂഹത്തില്‍ പ്രചരിപ്പിക്കുന്നതിലും സൗഹാര്‍ദവും സഹവര്‍ത്തിത്വവും പരിപോഷിപ്പിക്കുന്നതിനുളള സമഗ്രമായ സംഭാവനകളെയും ആദരിച്ച് കൊണ്ടാണ് അവാര്‍ഡ് സമ്മാനിക്കുന്നത്. അബ്ദുറഹിമാന്‍ അബ്ദുള്ള, ഉസ്മാന്‍ സഖാഫി തിരുവത്ര, മുസ്തഫ ദാരിമി കടാങ്കോട്, ഫിര്‍ദൗസ് സഖാഫി കടവത്തൂര്‍, ഹംസ അഹ്‌സനി, റഫീഖ് സഖാഫി വെള്ളില, ജാഫര്‍ കണ്ണപുരം തുടങ്ങി മത, സാമൂഹിക, സാംസ്‌കാരിക, വ്യവസായ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുക്കുന്നു. 14ാമത് യു.എ.ഇ നാഷനല്‍ പ്രവാസി സാഹിത്യോല്‍സവ് സംഘാടക സമിതിയാണ് അവാര്‍ഡ് നല്‍കുന്നത്.