കണ്ണൂര്‍: തലശ്ശേരിയില്‍ കട കുത്തിത്തുറന്ന് കവര്‍ച്ച നടത്തിയ ഉത്തര്‍പ്രദേശ് സ്വദേശി അറസ്റ്റില്‍. റായിബറേലി, മഹാരാജ് ഗഞ്ച് സ്വദേശ് സുരാജ് വര്‍മ്മ(28)യെയാണ് തലശ്ശേരി എസ്.ഐ ടി.കെ അഖിലിന്റെ നേതൃത്വത്തില്‍ അറസ്റ്റു ചെയ്തത്.
ജൂണ്‍ ഏഴിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. തലശ്ശേരി എം.എം റോഡിലെ നെക്‌സ്റ്റ് മൊബൈല്‍സ് എന്ന ഷോപ്പ് കുത്തിത്തുറന്ന് രണ്ടു ലക്ഷം രൂപ വില മതിക്കുന്ന മൊബൈല്‍ ഫോണുകള്‍, സ്മാര്‍ട്ട് വാച്ച്, മെമ്മറികാര്‍ഡ്, നെക്ക്ബാന്റ് എന്നിവ കവര്‍ച്ച ചെയ്തുവെന്നാണ് കേസ്.
പ്രതിയെ തിരിച്ചറിഞ്ഞ പൊലീസ് സംഘം ഉത്തര്‍പ്രദേശ്, റായ്ബറേലിയിലെ മാവൂര്‍ ഗര്‍ബ്ബ് എന്ന സ്ഥലത്തെത്തി മല്‍പ്പിടിത്തത്തിലൂടെയാണ് പ്രതിയെ അറസ്റ്റു ചെയ്തത്. കണ്ണൂര്‍ സ്‌ക്വാഡ് എന്ന സിനിമയിലെ രംഗങ്ങള്‍ക്കു സമാനമായ രീതിയിലായിരുന്നു പ്രതിയെ കീഴടക്കിയത്.
