കാസര്‍കോട്: പാലക്കാട് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മുസ്‌ലീം നടത്തുന്ന പത്രങ്ങളില്‍ സിപിഎം പരസ്യം നല്‍കിയത് മതപരമായ ഭിന്നിപ്പുണ്ടാക്കണമെന്ന ദുരുദ്ദേശ്യത്തോടെയെന്നും പരസ്യം നല്‍കിയതിന്റെ ഉത്തരവാദി മന്ത്രി എം.ബി രാജേഷാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. കാസര്‍കോട് മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വന്തം പത്രമായ ദേശാഭിമാനിയില്‍ പോലും കൊടുക്കാന്‍ പറ്റാത്ത പരസ്യം മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലുള്ള പത്രത്തില്‍ കൊടുത്താണ് വിദ്വേഷം ജനിപ്പിക്കാന്‍ ശ്രമിച്ചത്. ഇത് വലിയ മുറിവാണ് ഉണ്ടാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് ചട്ടം ലംഘിച്ചാണ് സി.പി.എം പരസ്യം നല്‍കിയത്. ഇത്തരം സംഭവം കേരളത്തില്‍ ഒരിക്കലും ആവര്‍ത്തിക്കാന്‍ പാടില്ല എന്നതു കൊണ്ട് യു.ഡി.എഫ് നിയമപരമായി നേരിടുമെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പിലെ ദയനീയ പരാജയത്തിനു ശേഷം സി.പി.എം നേതാക്കള്‍ക്ക് സമനില നഷ്ടപ്പെട്ടിരിക്കുകയാണ്. ഇവരെ റിമോട്ട് കണ്‍ട്രോളില്‍ നിയന്ത്രിക്കുന്ന ബി.ജെ.പിയാണ്. ഹീനമായ വര്‍ഗീയത പ്രചരിപ്പിക്കാന്‍ നോക്കിയവര്‍ക്ക് പാലക്കാട്ടെ വോട്ടര്‍മാര്‍ ശക്തമായ തിരിച്ചടി നല്‍കും. മതേതര കേരളമാണെന്ന പ്രഖ്യാപനം കൂടിയായിരിക്കും പാലക്കാട്ടെ തിരഞ്ഞെടുപ്പ് ഫലമെന്ന് വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.