കാസർകോട് :പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഭീകരമായി ലൈംഗിക പീഡനത്തിന് വിധേയമാക്കിയ കേസിലെ പ്രതിക്ക് കാസർകോട് ഫാസ്റ്റ് ട്രാക്ക് സ്‌പെഷ്യൽ കോടതി ജഡ്ജ് രാമു രമേഷ് ചന്ദ്രഭാനു ജീവപര്യന്തം കഠിന തടവും അതിനു പുറമെ 50 വർഷം കഠിനതടവും, 4 ലക്ഷം രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 16 മാസം അധിക കഠിന തടവും
ശിക്ഷ വിധിച്ചു.
2018 ഒക്ടോബർ എട്ടിനു 11.00 മണിക്കും രണ്ടു മണിക്കും ഇടയിൽ 13 വയസ്സ് പ്രായമുള്ള പട്ടികജാതി വിഭാഗത്തിൽ പെട്ട പെൺകുട്ടിയെ കുമ്പള പൊലീസ് സ്റ്റേഷൻ പരിധിയിലെ ആൾ താമസമില്ലാത്ത വീട്ടിൽ കൊണ്ടുപോയി ഭീഷണിപ്പെടുത്തി ഗൗരവതരമായ നിലയിൽ ലൈംഗിക പീഡനത്തിന് വിധേയമാക്കി എന്ന കേസിലാണ് വിധി. കേസിലെ പ്രതിയായ ബംബ്രാണ പൊയ്യ വളപ്പിലെ കിരൺരാജ് ഷെട്ടി (26) യെയാണ് കോടതി ശിക്ഷിച്ചത്. പരാതിയിൽ നിന്നു പിൻമാറാൻ പെൺകുട്ടിയെ ഭീഷണിപ്പെടുത്തിയെന്നതിനു ഇയാളുടെ സഹോദരനെതി രെയും കേസുണ്ട്. 3(2)(v) of SC/ST POA Act പ്രകാരം ജീവപര്യന്തം കഠിന തടവും, 1,00,000/രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 4മാസം അധിക കഠിന തടവുമാണ് ശിക്ഷ. 3(2)(v)(a) of SC/ ST POA Act പ്രകാരം 5 വർഷം കഠിന തടവും 50,000 പിഴയും പിഴയടച്ചില്ലെങ്കിൽ 2 മാസം അധിക കഠിനതടവും ശിക്ഷിച്ചു. 376(2)(i) ഐ പി സി വകുപ്പ് പ്രകാരം 20 വർഷം കഠിന തടവും 1,00,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 4 മാസം കഠിന തടവും 4(1) r/w 3(a) പോക്സോ വകുപ്പ് പ്രകാരം 20 വർഷം കഠിനതടവും 1,00,000/_ രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 4 മാസം അധിക കഠിനതടവും 506(ii) ഐ പി സി വകുപ്പ് പ്രകാരം 5 വർഷം കഠിന തടവും 50,000 രൂപ പിഴയും പിഴയടച്ചില്ലെങ്കിൽ 2 മാസം അധികകഠിനതടവും ആണ് ശിക്ഷ. കുമ്പള പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ അന്നത്തെ എസ്. എം.എസ്. ഡിവൈ . എസ്.പി.ആയിരുന്ന കെ. ഹരിശ്ചന്ദ്ര നായ്ക് ആണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ.കെ. പ്രിയ ഹാജരായി.
