കാസര്‍കോട്: ബിസിനസ് ആവശ്യത്തിനായി കാസര്‍കോട്ടെ പ്രമുഖരടക്കം നിരവധി പേരില്‍ നിന്നു പിരിച്ചെടുത്ത ഒന്‍പതു കോടി രൂപയുമായി യുവാവ് നാട്ടില്‍ നിന്നു കടന്നു കളഞ്ഞു. കാസര്‍കോട് ടൗണ്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ താമസക്കാരനായ പ്രവാസിയാണ് പണവുമായി സ്ഥലം വിട്ടത്. 10 ലക്ഷം രൂപ നിക്ഷേപമായി നല്‍കുന്ന ഒരാള്‍ക്ക് മാസംതോറും ഒരു ലക്ഷം രൂപ ലാഭവിഹിതം നല്‍കുമെന്ന് പറഞ്ഞാണ് ആള്‍ക്കാരെ വലയിലാക്കിയത്. ഇതനുസരിച്ച് ആദ്യകാലങ്ങളില്‍ പണം നല്‍കിയവര്‍ക്ക് ലാഭവിഹിതം ലഭിച്ചിരുന്നു. ഇതു കണക്കിലെടുത്ത് ചിലര്‍ ലാഭവിഹിതം കൂടി പിന്നീട് നിക്ഷേപമായി നല്‍കിയതായി പറയുന്നു. എന്നാല്‍ പിന്നീട് ആര്‍ക്കും പണം തിരികെ കൊടുക്കാതെയായി. ഇതോടെ പണം വാങ്ങിയ ആളെ തേടി ആള്‍ക്കാര്‍ എത്തിത്തുടങ്ങിയതോടെയാണ് യുവാവ് കഴിഞ്ഞ ദിവസം നാട്ടില്‍ നിന്നു കടന്നു കളഞ്ഞതായുള്ള വിവരം പൊലീസിനു ലഭിച്ചത്. അതേ സമയം മുങ്ങിയ യുവാവ് രണ്ടാംകിട ബിസിനസ് ആണ് നടത്തിയിരുന്നതെന്നു പൊലീസ് അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അതിനാലാണ് ഇത്രയും ഉയര്‍ന്ന നിരക്കിലുള്ള ലാഭവിഹിതം നല്‍കി കൂടുതല്‍ ആള്‍ക്കാരെ ആകര്‍ഷിച്ചതെന്നു പറയുന്നു. അതേ സമയം നാണക്കേട് ഭയന്ന് ആരും പൊലീസില്‍ രേഖാമൂലം പരാതി നല്‍കാന്‍ തയ്യാറായിട്ടില്ല.
