ദുബായ്: ദുബായിലെ അൽ മംസാർ ബീച്ചിൽ കളിച്ചുകൊണ്ടിരിക്കേ തിരയിൽ പെട്ട് കാണാതായ കാസർകോട് ചെങ്കള സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. ദുബായിലെ ന്യൂ ഇന്ത്യൻ മോഡൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായ അഹമ്മദ് അബ്ദുല്ല മഫാസാ(15)ണ് വെള്ളിയാഴ്ചയുണ്ടായ സംഭവത്തിൽ ദാരുണമായി മരണപ്പെട്ടത്. ഏറെ നേരത്തേ തെരച്ചിലിനൊടുവിൽ ശനിയാഴ്ച വൈകിയാണ് മൃതദേഹം ലഭിച്ചത്. കാസർകോട് ചെങ്കള സ്വദേശിയും ദുബായിൽ വ്യാപാരിയുമായ മുഹമ്മദ് അഷ്റഫിന്റെയും നസീമയുടെയും മൂന്നാമത്തെ മകനാണ് മഫാസ്. മാതാവ് നോക്കിനിൽക്കെയായിരുന്നു ദുരന്തം. സഹോദരി ഫാത്തിമയ്‌ക്കൊപ്പം ബീച്ചിനോട് ചേർന്ന വെള്ളത്തിൽ കളിക്കുകയായിരുന്നു മഫാസ്. പൊടുന്നനെയാണ് അതിശക്തമായ തിരമാല തീരത്തേക്ക് ആഞ്ഞടിച്ചത്. തിരയിൽപ്പെട്ട് അനുജൻ ഒഴുകിപ്പോവുന്നത് കണ്ട സഹോദരി ഫാത്തിമ അവന്റെ കൈയിൽ മുറുകെ പിടിച്ചെങ്കിലും ശക്തമായ തിരയിൽ നിലത്ത് കാലുറയ്ക്കാതെ അവളും കടലിൽ അകപ്പെടുകയായിരുന്നു. കുട്ടികളുടെയും കരയിലുണ്ടായിരുന്ന മാതാപിതാക്കളുടെയും നിലവിളി കേട്ട് ഓടിയെത്തിയ ഒരു സ്വദേശി യുവാവാണ് കടലിലകപ്പെട്ട ഫാത്തിമയെ രക്ഷപ്പെടുത്തി കരക്കെത്തിച്ചത്. അപ്പോഴേക്കും മഫാസ് കടലിന്റെ വിദൂരതയിലേക്ക് മറഞ്ഞുപോയിരുന്നു. വിവരമറിഞ്ഞ് കുതിച്ചെത്തിയ ദുബായ് പൊലീസിന്റെ നേതൃത്വത്തിൽ ഏറെ നേരം തെരച്ചിൽ നടത്തിയിട്ടും വിദ്യാർഥിയെ കണ്ടെത്താനായില്ല. വൈകിയാണ് കടലിൽനിന്ന് മഫാസിന്റെ മൃതദേഹം ലഭിച്ചത്. സുഹൃത്തുക്കളോടൊപ്പം അവധി ദിനം ചെലവഴിക്കാനിരുന്ന മകനെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാൻ ബീച്ചിലേക്ക് എത്തിയതായിരുന്നു കുടുംബം. സഹോദരിയോടൊപ്പം ബീച്ചിന്റെ ആഴമില്ലാത്ത ഭാഗത്ത് നീന്തുകയായിരുന്നു ഇരുവരും. ഉമ്മയെ ബീച്ചിലിരുത്തി താൻ ടോയ്‌ലെറ്റിലേക്ക് നടന്ന സമയത്തായിരുന്നു ദുരന്തമെത്തിയതെന്ന് പിതാവ് പറഞ്ഞു. സംഭവം നടക്കുമ്പോൾ ഉമ്മ കുട്ടികളെ നോക്കി കരയിൽ നിൽക്കുകയായിരുന്നു. പക്ഷെ, എല്ലാ നൊടിയിടയിലാണ് സംഭവിച്ചത്. ഇരുവർക്കും മോശമല്ലാത്ത രീതിയിൽ നീന്താൻ അറിയാമായിരുന്നു. നാലു സഹോദരന്മാരിൽ മൂന്നാമനായിരുന്നു മഫാസ്. എംബിഎ വിദ്യാർഥിയാണ് രക്ഷപ്പെട്ട ഫാത്തിമ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മഫാസിന്റെ മൃതദേഹം ദുബായിൽ സംസ്‌കരിക്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.