കാസര്‍കോട്: ദേശീയപാത വികസനത്തിന്റെ ഭാഗമായി പിലിക്കോട് ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂളിന് സമീപം തീക്കുഴിച്ചാലില്‍ പണിത അടിപ്പാത തുറന്നു. കമ്പനി അധികൃതര്‍ ശനിയാഴ്ച വൈകീട്ടാണ് അടിപ്പാത നാടിന്നായി തുറന്നുകൊടുത്തത്. കരിവെള്ളൂര്‍ മുച്ചിലോട്ട് ഭഗവതിക്ഷേത്രത്തില്‍നിന്ന് രയരമംഗലം ഭഗവതിക്ഷേത്രത്തിലേക്ക് മുച്ചിലോട്ട് ഭഗവതിയുടെ കോമരവും പരിവാരങ്ങളും അടിപ്പാതയിലൂടെ കന്നിയാത്ര നടത്തി. രയരമംഗലം ഭഗവതിക്ഷേത്രത്തില്‍ പാട്ടുത്സവം തുടങ്ങുന്നതിന് മുന്നോടിയായിട്ടാണ് പ്രവൃത്തിയേറ്റെടുത്ത് നടത്തുന്ന കരാര്‍ കമ്പനി അധികൃതര്‍ അടിപ്പാത തുറന്നു കൊടുത്തത്. എല്ലാവര്‍ഷവും രയരമംഗലം ഭഗവതീക്ഷേത്രത്തിലേക്ക് മുച്ചിലോട്ട് ഭഗവതിയും പരിവാരങ്ങളും ദേശീയപാത മുറിച്ചുകടന്നാണ് പോയിരുന്നത്. ദേശീയപാതാ വികസനം വരുന്നതോടെ വിദ്യാര്‍ഥികളടക്കമുള്ള നാട്ടുകാര്‍ക്ക് റോഡ് മുറിച്ചു കടക്കാന്‍ ആദ്യം സൗകര്യമുണ്ടായിരുന്നില്ല. ആദ്യം തയ്യറാക്കിയ രൂപരേഖയില്‍ തീക്കുഴിച്ചാലില്‍ അടിപ്പാതയുണ്ടായിരുന്നില്ല. ഇതേ തുടര്‍ന്ന് ആറാട്ട് ഉള്‍പ്പെടെയുള്ള ആചാര ചടങ്ങുകള്‍ മുടങ്ങുമെന്ന ആശങ്കയിലായിരുന്നു നാട്ടുകാര്‍. ക്ഷേത്ര-ഉപക്ഷേത്ര സ്ഥാനികരുടെ നേതൃത്വത്തില്‍ ആറാട്ടുവഴി സംരക്ഷണ സമിതിയുടെ ഇടപെടലിനെ തുടര്‍ന്നാണ് തിക്കുഴിച്ചാലില്‍ അഞ്ച് മീറ്റര്‍ വീതിയില്‍ രണ്ടരമീറ്റര്‍ ഉയരത്തില്‍ അടിപ്പാത പണിതത്. മറ്റിടങ്ങളില്‍ അടിപ്പാതകളുടെ പണി ഇനിയും പൂര്‍ത്തിയാകാനിരിക്കെ, തിക്കുഴിച്ചാലില്‍ അതിവേഗത്തിലാണ് പണി പൂര്‍ത്തിയാക്കിയത്.