കൊച്ചി: സിനിമ ബിഗ്ബോസ് താരം പരീക്കുട്ടി (31) എംഡിഎംഎയുമായി പിടിയില്‍. എറണാകുളം കുന്നത്തുനാട് വെങ്ങോല സ്വദേശിയാണ് ഇയാള്‍. പരീക്കുട്ടി എന്നാണ് അറിയപ്പെടുന്നതെങ്കിലും ഫരീദുദ്ദീനെന്നാണ് യഥാര്‍ത്ഥ പേര്. ഇയാളുടെ സുഹൃത്ത് കോഴിക്കോട് വടകര കാവിലുംപാറ ജിസ്‌മോനും (34) പിടിയിലായിട്ടുണ്ട്. ഇവരുടെ കൈയ്യില്‍ നിന്നും 10.5 ഗ്രാം എംഡിഎംഎ പിടിച്ചെടുത്തു. കാഞ്ഞാര്‍ പുള്ളിക്കാനം റോഡില്‍ വാഹന പരിശോധനയ്ക്കിടെയാണ് പ്രതികള്‍ പിടിയിലായത്. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കാറിൽ നിന്നും ലഹരി വസ്തുക്കൾ കണ്ടെത്തുകയായിരുന്നു. ഇവരിൽ നിന്ന് നാല് ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായാണ് വിവരം. കാറിൽ പിറ്റ്‌ബുൾ ഇനത്തിൽ പെട്ട ഒരു നായയും ഉണ്ടായിരുന്നു. അസി. എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് സാവിച്ചൻ മാത്യു, ഗ്രേഡ് പ്രിവന്റീവ് ഓഫീസർമാരായ വി ആർ രാജേഷ്, പി ആർ അനുരാജ്, എ ഐ സുബൈർ, സിവിൽ എക്സൈസ് ഓഫീസർ ചാൾസ് എഡ്വിൻ, വനിതാ സിവിൽ എക്സൈസ് ഓഫീസർ എം ടി ബിന്ദു എന്നിവരും പരിശോധനയിൽ പങ്കെടുത്തു.
