കണ്ണൂര്‍: സ്‌കൂട്ടറില്‍ സഞ്ചരിച്ച് വഴിയാത്രക്കാരായ സ്ത്രീകളുടെ കഴുത്തില്‍ നിന്നു മാല പൊട്ടിക്കല്‍ പതിവാക്കിയ പട്ടാളക്കാരന്‍ വീണ്ടും അറസ്റ്റില്‍. പിണറായി, കാപ്പുമ്മല്‍, കുഞ്ഞിലാടം വീട്ടില്‍ ശരതി (34)നെയാണ് പിണറായി പൊലീസ് അറസ്റ്റു ചെയ്തത്. കഴിഞ്ഞ ദിവസം കനാല്‍ക്കര വായനശാലക്കു സമീപത്തു വച്ച് പിണറായി, അറത്തില്‍ കാവിനു സമീപത്തെ സി.കെ ഷീബയുടെ കഴുത്തില്‍ നിന്നു രണ്ടരപ്പവന്‍ മാല പൊട്ടിച്ച കേസിലാണ് അറസ്റ്റു ചെയ്തത്. ഷീബ ചെറുത്തു നിന്നതിനാല്‍ കാല്‍പവന്‍ തൂക്കമുള്ള താലി മാത്രമേ അക്രമിക്ക് കിട്ടിയിരുന്നുള്ള.
ഷീബ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടയിലാണ് ഹെല്‍മറ്റ് ധരിച്ചെത്തിയ ശരത് മാലപൊട്ടിച്ചത്. മോഷ്ടിച്ച സ്‌കൂട്ടറില്‍ എത്തിയാണ് ശരത് മാല പൊട്ടിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ഇയാള്‍ക്കെതിരെ സമാനമായ നിരവധി കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.
