കണ്ണൂര്‍: ഷെയര്‍ട്രേഡിംഗ് ബിസിനസിന്റെ പേരില്‍ കണ്ണൂരിലെ പ്രവാസിയുടെ 47,31,066 രൂപ തട്ടിയെടുത്ത കേസില്‍ കാസര്‍കോട് സ്വദേശികളായ രണ്ടുപേരെ പൊലീസ് അറസ്റ്റു ചെയ്തു. കാസര്‍കോട്, തളങ്കരയിലെ മിസ്‌രിയ ഹൗസില്‍ അബ്ദുല്‍ സമദാനി (35), ബേക്കല്‍, പള്ളിക്കരയിലെ അബ്ദുല്‍ മജീദ് (61) എന്നിവരെയാണ് കണ്ണൂര്‍ സൈബര്‍ പൊലീസ് ഇന്‍സ്‌പെക്ടര്‍ ബിജു പ്രകാശും സംഘവും അറസ്റ്റു ചെയ്തത്. ഓണ്‍ലൈന്‍ ട്രേഡിംഗിലൂടെ വന്‍തുക ലാഭമായി ലഭിക്കുമെന്ന് വിശ്വസിപ്പിച്ചാണ് ചാല സ്വദേശിയില്‍ നിന്നു പണം കൈക്കലാക്കിയതെന്നു പൊലീസ് പറഞ്ഞു. സൈബര്‍ സെല്ലിലെ എ.എസ്.ഐമാരായ മഹേഷ്, ജ്യോതി, വീണ, സിവില്‍ പൊലീസ് ഓഫീസര്‍ സുനില്‍ കുമാര്‍ എന്നിവര്‍ നടത്തിയ അന്വേഷണത്തിലാണ് ഇരുവരും അറസ്റ്റിലായത്.
