ബംബ്രാണ സ്‌കൂള്‍ ഗ്രൗണ്ടില്‍ കാറുകളുടെ അഭ്യാസപ്രകടനം; ഭീതി പരത്തിയ സംഭവത്തില്‍ പൊലീസ് കേസെടുത്തു, കാറുകള്‍ കസ്റ്റഡിയില്‍

കുമ്പള: സ്‌കൂള്‍ ഗ്രൗണ്ടില്‍ അതിക്രമിച്ചു കയറി അപകടകരമായ വിധത്തില്‍ കാര്‍ അഭ്യാസം നടത്തിയതായി പരാതി. ബംബ്രാണ ജി.ബി.എല്‍.പി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ ബി.കെ സത്യപ്രകാശിന്റെ പരാതിയില്‍ കുമ്പള പൊലീസ് അന്വേഷണം തുടങ്ങി. അഭ്യാസപ്രകടനത്തിനു ഉപയോഗിച്ച രണ്ടു കാറുകള്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. കാറുകളെ കോടതിയില്‍ ഹാജരാക്കുമെന്നു പൊലീസ് പറഞ്ഞു.
നവംബര്‍ 14ന് ഉച്ചയ്ക്കാണ് കേസിനാസ്പദമായ സംഭവം. ക്ലാസ് നടന്നു കൊണ്ടിരിക്കെ സ്‌കൂള്‍ ഗ്രൗണ്ടിലേക്ക് അമിത വേഗതയില്‍ ഇരച്ചെത്തിയ രണ്ടു കാറുകള്‍ തലങ്ങും വിലങ്ങും ഓടിച്ച് പൊടി പാറിച്ച് അപകടഭീതി ഉയര്‍ത്തുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു. പത്തു മിനുറ്റോളം നീണ്ടുനിന്ന അഭ്യാസ പ്രകടനം ചിലര്‍ വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെ കേസെടുത്തതായും ഇവരില്‍ ഒരാള്‍ പ്രായപൂര്‍ത്തിയാകാത്ത ആളാണെന്നും പൊലീസ് പറഞ്ഞു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയാണെന്നു വ്യക്തമായാല്‍ കാര്‍ ഓടിക്കാന്‍ നല്‍കിയവര്‍ക്കെതിരെ കേസെടുക്കുമെന്നു പൊലീസ് കൂട്ടിച്ചേര്‍ത്തു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page