കണ്ണൂര്‍: ജയിലില്‍ നിന്നു ഇറങ്ങിയ ഉടന്‍ വസ്ത്രാലയം കുത്തിത്തുറന്ന് രണ്ടു ലക്ഷം രൂപ കവര്‍ച്ച ചെയ്ത കേസില്‍ വയോധികന്‍ അറസ്റ്റില്‍. തിരുവനന്തപുരം, വെള്ളാട, കാരക്കോണം, കാട്ടുവിഴ പുത്തന്‍ വീട്ടില്‍ ദാസ(61)നെയാണ് ഇരിട്ടി പൊലീസ് ഇന്‍സ്‌പെക്ടര്‍ എ. കുട്ടികൃഷ്ണന്റെ നേതൃത്വത്തില്‍ വെള്ളിയാഴ്ച രാത്രി കോഴിക്കോട്ട് വച്ച് അറസ്റ്റു ചെയ്തത്.
ഒക്ടോബര്‍ 18ന് ഇരിട്ടി ടൗണിലാണ് അറസ്റ്റിനാസ്പദമായ കവര്‍ച്ച നടന്നത്. കവര്‍ച്ചക്കാരന്റെ ദൃശ്യം സമീപത്തെ മൊബൈല്‍ ഷോപ്പിലെ സിസിടിവി ക്യാമറയില്‍ പതിഞ്ഞിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കവര്‍ച്ചക്കാരനെ തിരിച്ചറിഞ്ഞത്. തങ്കമണി പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നടന്ന കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ ദാസന്‍ അടുത്തിടെയാണ് വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്ന് ഇറങ്ങിയത്.
കണ്ണൂര്‍, ചക്കരക്കല്‍ തുടങ്ങി സംസ്ഥാനത്തെ നിരവധി പൊലീസ് സ്റ്റേഷനുകളില്‍ ദാസനെതിരെ കവര്‍ച്ചാ കേസുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.
