കണ്ണൂര്‍: മുംബൈ പൊലീസും സി.ബി.ഐയും ചമഞ്ഞ് പാളിയത്തുവളപ്പ് സ്വദേശിയുടെ മൂന്നേകാല്‍ കോടിയോളം രൂപ തട്ടിയെടുത്ത സംഘത്തിലെ കണ്ണി പൊലീസ് പിടിയിലായി. കോഴിക്കോട് താമരശേരി ഓമശേരി ഷഹാബ് മന്‍സിലില്‍ എം.പി ഫഹ്‌മി ജവാദിനെ(22)ആണ് ക്രൈംബ്രാഞ്ച് എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ മേല്‍നോട്ടത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി കീര്‍ത്തി ബാബുവിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. വയനാട് വൈത്തിരിവെച്ചാണ് പിടികൂടിയത്. സംഘം തട്ടിയെടുത്ത പണത്തില്‍ 32 ലക്ഷം രൂപ കണ്ടെടുത്തു.
പാളിയത്തുവളപ്പ് സ്വദേശി കരോത്തുവളപ്പില്‍ ഭാര്‍ഗവന്‍(74)ആണ് തട്ടിപ്പിന് ഇരയായത്. കഴിഞ്ഞ സപ്തംബര്‍ 19 മുതല്‍ ഒക്ടോബര്‍ മൂന്ന് വരെയുള്ള തീയതികളിലായാണ് പണം തട്ടിയെടുത്തത്. മുംബൈ ടെലികോം സര്‍വീസിലെ ഉദ്യോഗസ്ഥനാണെന്നു പറഞ്ഞ് ഒരാള്‍ ആദ്യം വീഡിയോ കോളില്‍ ബന്ധപ്പെട്ടു. ഗള്‍ഫിലായിരുന്ന ഭാര്‍ഗവന്റെ ആധാര്‍ കാര്‍ഡ് ഉപയോഗിച്ച് മറ്റൊരാള്‍ സിം കാര്‍ഡ് എടുത്തിരുന്നുവെന്നും ആ നമ്പര്‍ ഓണ്‍ലൈന്‍ നിക്ഷേപ തട്ടിപ്പിന് ഉപയോഗിച്ചതായി കണ്ടെത്തിയിട്ടുണ്ടെന്നും തട്ടിപ്പില്‍ കുടുങ്ങിയ ഒരു കുടുംബം ആത്മഹത്യ ചെയ്തിട്ടുണ്ടെന്നും അതിനാല്‍ നിങ്ങളെ അറസ്റ്റ് ചെയ്യുമെന്നും പറഞ്ഞു. പിന്നീട് മുംബൈ പൊലീസാണെന്നു പറഞ്ഞ് മറ്റൊരാള്‍ ഫോണില്‍ ബന്ധപ്പെട്ടു. ഇതിന്റെ തൊട്ടുപിറകെ സി.ബി.ഐ ഓഫീസറാണെന്നുപറഞ്ഞ് മറ്റൊരാളും വിളിച്ചതോടെ ഭയന്നുപോയ ഭാര്‍ഗവന്‍ ഇവര്‍ ആവശ്യപ്പെട്ടപ്രകാരം അക്കൗണ്ടുവിവരങ്ങള്‍ കൈമാറി. പിന്നീട് ഭാര്‍ഗവനെ ഭീഷണിപ്പെടുത്തി ബാങ്കിലേക്ക് പറഞ്ഞയച്ച് അയാളുടെ അക്കൗണ്ടില്‍ നിന്നും ഭാര്യയുടെ അക്കൗണ്ടില്‍ നിന്നുമുള്ള പണം തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്ക് അയച്ചുകൊടുപ്പിച്ചു. ഇക്കാര്യം പുറത്തറിയിക്കരുതെന്നും പുറത്തറിയിച്ചാല്‍ വിദേശത്തുള്ള മകനെയടക്കം അറസ്റ്റ് ചെയ്യേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയതിനാല്‍ വിവരം മറ്റൊരാളോടും പറഞ്ഞില്ല. 3,15,50,000 രൂപയാണ് തട്ടിയെടുത്തത്. പണം കൈമാറിയശേഷമാണ് തട്ടിപ്പാണെന്ന് ഭാര്‍ഗവന് മനസിലായത്. ഇതേത്തുടര്‍ന്ന് നവംബര്‍ നാലിന് ഭാര്‍ഗവന്‍ തളിപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. കോടികളുടെ തട്ടിപ്പായതിനാല്‍ കേസന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഒരു കോടി രൂപയില്‍ താഴെയുള്ള തട്ടിപ്പ് കേസുകളാണ് ലോക്കല്‍ പൊലീസ് അന്വേഷിക്കാറുള്ളത്. പിടിയിലായ ഫഹ്‌മി ജവാദ് തട്ടിപ്പ് സംഘത്തിലെ ഇങ്ങേയറ്റത്തെ കണ്ണികളില്‍ ഒരാളാണ്. വന്‍ സംഘം തട്ടിപ്പിന് പിന്നിലുണ്ടെന്നു പൊലീസ് പറഞ്ഞു. കൊല്‍ക്കത്ത കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു ട്രാവല്‍സ് കേന്ദ്രമാക്കിയാണ് തട്ടിപ്പ് സംഘം പ്രവര്‍ത്തിക്കുന്നത്. ഏഴംഗസംഘമാണ് തട്ടിപ്പിന് പിറകില്‍. ഇതില്‍ ചിലര്‍ കൊല്ലം ജില്ലക്കാരാണെന്നു പൊലീസ് പറഞ്ഞു.
