കണ്ണൂര്‍: ഹജ്ജ് കര്‍മ്മത്തിന് പോകാനുള്ള വിസ തരപ്പെടുത്തി നല്‍കാമെന്ന് വിശ്വസിപ്പിച്ച് സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി നാലംഗസംഘം കോടികള്‍ തട്ടിയെടുത്തു. 120 പേരില്‍ നിന്നായി 12ലക്ഷം രൂപ വീതം തട്ടിയെടുത്ത് മുങ്ങിയ സംഘത്തിനെതിരെ ബുധനാഴ്ച വിവിധ പൊലീസ് സ്റ്റേഷനുകളിലായി കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് പേരില്‍ നിന്നായി 24 ലക്ഷം രൂപ തട്ടിയതിന് ചക്കരക്കല്ലിലും കേസ്. മലപ്പുറം തിരുവങ്ങാടി സ്വദേശി വലിയപീടികക്കല്‍ മുഹമ്മദ് അഫ്സല്‍, വെള്ളങ്ങോട് കദിയാരത്ത് കക്കത്തറയില്‍ പി.വി.ഷൈലോക്ക്, കൊയിലാണ്ടിയിലെ കൂഞ്ഞാളി എഴുത്താപ്പറമ്പില്‍ സൂപ്പി, മലപ്പുറം കോട്ടക്കലിലെ ഷാക്കര്‍ അന്‍വാരി എന്നിവര്‍ക്കെതിരെ ചക്കരക്കല്‍ പൊലീസ് കേസെടുത്തു. ഏച്ചൂര്‍ കൊട്ടാനച്ചേരിയിലെ എം.ഹാഷിം, കാഞ്ഞിരോട്ടെ ആലാറമ്പില്‍ അഷ്റഫ് എന്നിവരില്‍ നിന്ന് 12 ലക്ഷം രൂപ വീതം തട്ടിയെടുത്തതിനാണ് ചക്കരക്കല്‍ പൊലീസ് കേസെടുത്തത്. ഹജ്ജിന് പോകാന്‍ ടിക്കറ്റും വിസയും ഉള്‍പ്പെടെ ശരിയാക്കി നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് സംഘത്തിന്റെ ഏജന്റായ സൂപ്പിയാണത്രെ ചക്കരക്കല്‍ സ്വദേശികളുമായി ബന്ധപ്പെട്ടത്. പിന്നീട് ഷാക്കറും ഒപ്പമെത്തി. കഴിഞ്ഞ ഫിബ്രവരി ഒന്നുമുതല്‍ മെയ് 11 വരെയുളള കാലയളവില്‍ പല തവണകളിലായാണ് പണം നല്‍കിയത്. പിന്നീട് ഹജ്ജിന് കൊണ്ടുപോകാതായതോടെ തട്ടിപ്പിനിരയായവര്‍ സൂപ്പിയെ തടഞ്ഞുവച്ച സംഭവമുണ്ടായിരുന്നുവെങ്കിലും പണം ഉടന്‍ തിരിച്ചുനല്‍കുമെന്ന ഉറപ്പില്‍ വിട്ടയച്ചതായിരുന്നുവെന്നു പറയുന്നു. ഇതിനുശേഷമാണ് സമാനരീതിയില്‍ നൂറിലധികം പേര്‍ കബളിപ്പിക്കപ്പെട്ടതായി മനസിലായത്. കഴിഞ്ഞ ദിവസം ഇവര്‍ യോഗം ചേര്‍ന്ന് തട്ടിപ്പുകാര്‍ക്കെതിരേ നിയമനടപടിക്ക് തീരുമാനിക്കുകയായിരുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനക്കാര്‍ക്ക് ലഭിക്കേണ്ട അവസരം തട്ടിയെടുത്ത് മലയാളികളില്‍ നിന്ന് കൊള്ളപ്പണം വാങ്ങുകയും ഒടുവില്‍ എല്ലാവരെയും ഈ സംഘം ചതിക്കുകയുമായിരുന്നുവത്രെ. മലപ്പുറം, തിരൂരങ്ങാടി, പൂക്കോട്ടൂര്‍, വടകര പൊലീസ് സ്റ്റേഷനുകളിലെല്ലാം സമാനരീതിയില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.