ശബരിമലയില്‍ ഒരേ സമയം 16,000 ത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം; നിലയ്ക്കലില്‍ ഫാസ്റ്റ് ടാഗ് സൗകര്യം

പത്തനംതിട്ട: ശബരിമലയില്‍ ഒരേ സമയം പതിനാറായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്കിംഗ് സൗകര്യം ഒരുക്കിയതായി ദേവസ്വം ബോര്‍ഡ്. നിലയ്ക്കലില്‍ എണ്ണായിരത്തോളം വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാന്‍ കഴിയുന്നിടത്ത് അധികമായി 2500 വാഹനങ്ങള്‍ കൂടി പാര്‍ക്ക് ചെയ്യാനുള്ള സംവിധാനം ഒരുക്കി. നിലയ്ക്കലിലെ പാര്‍ക്കിംഗ് പൂര്‍ണ്ണമായും ഫാസ്റ്റ് ടാഗ് സംവിധാനം ഉപയോഗിച്ചുള്ളതായിരിക്കും.
വാഹനങ്ങളുടെ സുഗമവും വേഗത്തിലുമുള്ള സഞ്ചാരത്തിന് ഫാസ്റ്റ് ടാഗ് സൗകര്യം ഉപകരിക്കുമെന്നും ഭക്തജനങ്ങള്‍ പരമാവധി ഈ സൗകര്യം ഉപയോഗിക്കണമെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു. നിലയ്ക്കലില്‍ 17 പാര്‍ക്കിങ്ങ് ഗ്രൗണ്ടുകളിലായി ഒരു ഗ്രൗണ്ടില്‍ മൂന്ന് വിമുക്ത ഭടന്‍മാര്‍ വീതം 100 ലേറെ പേരെ ട്രാഫിക് ക്രമീകരണങ്ങള്‍ക്കായി ഉറപ്പാക്കിയിട്ടുണ്ടെന്നും ദേവസ്വം ബോര്‍ഡ് അറിയിച്ചു.
പമ്പ ഹില്‍ടോപ്പ്, ചക്കുപാലം എന്നിവിടങ്ങളില്‍ മാസപൂജ സമയത്ത് പാര്‍ക്കിങ്ങിനുള്ള അനുമതി കോടതി നല്‍കിയിരുന്നു. ഇവിടങ്ങളിലായി 2000 വാഹനങ്ങള്‍ക്ക് പാര്‍ക്ക് ചെയ്യാം. മണ്ഡല മകരവിളക്ക് മഹോത്സവകാലത്തും ഇവിടങ്ങളില്‍ പാര്‍ക്കിംഗ് കോടതിയുടെ അനുവാദത്തോടെ ഏര്‍പ്പെടുത്താന്‍ ശ്രമിക്കും. എരുമേലിയില്‍ ഹൗസിംഗ് ബോര്‍ഡിന്റെ കൈവശമുള്ള ആറര ഏക്കര്‍ സ്ഥലം പാര്‍ക്കിങ്ങിനായി വിനിയോഗിക്കും. കൂടാതെ ശബരിമലയില്‍ താമസത്തിനും അന്നദാനത്തിനും ആരോഗ്യ സേവനങ്ങള്‍ക്കും വിപുലമായ സൗകര്യങ്ങള്‍ ഒരുക്കിയതായി ദേവസ്വം ബോര്‍ഡ് അറിയിച്ചു. 1994 ല്‍ പണിത സന്നിധാനത്തെ ശബരി ഗസ്റ്റ്ഹൗസ് പൂര്‍ണമായും പുനര്‍ നവീകരിക്കുകയാണ്. 54 മുറികളാണ് ശബരി ഗസ്റ്റ് ഹൗസില്‍ നിലവിലുള്ളത്. സന്നിധാനത്തെ ദേവസ്വം ജീവനക്കാര്‍ക്ക് താമസിക്കുവാനുള്ള സ്റ്റാഫ് ക്വാര്‍ട്ടേഴ്സ് പൂര്‍ണ്ണമായും നവീകരിച്ചു. പമ്പയിലെ ഗസ്റ്റ് ഹൗസിലും നവീകരണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നു.
കഴിഞ്ഞവര്‍ഷം 15 ലക്ഷത്തിലേറെ പേര്‍ക്കാണ് അന്നദാനം നല്‍കിയത്. ഇത്തവണ 20 ലക്ഷത്തിലേറെ അയ്യപ്പഭക്തര്‍ക്ക് സന്നിധാനത്ത് അന്നദാനം നല്‍കുവാനുള്ള ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തുന്നതായും ദേവസ്വം ബോര്‍ഡ് അറിയിച്ചു.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page