കുഞ്ഞിനു മുലപ്പാല്‍ കൊടുത്തുകൊണ്ടിരുന്ന യുവതിയുടെ ദൃശ്യം പകര്‍ത്തിയ പ്രതി പിടിയില്‍. തിരുവനന്തപുരം കഠിനകുളം പുതുക്കുറിച്ചി സ്വദേശി നിശാന്ത് (31) ആണ് പിടിയിലായത്. പുലര്‍ച്ചെ രണ്ടരയ്ക്ക് വീടിന്റെ മതില്‍ ചാടി ജനാല വഴി യുവതിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തുകയായിരുന്നു. മൊബൈലിന്റെ ഫ്‌ളാഷ് ലൈറ്റുകള്‍ കണ്ട യുവതി നിലവിളിച്ചു. ഇതോടെ പരിസരവാസികള്‍ ഓടിയെത്തി. മതില്‍ ചാടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവിനെ കയ്യോടെ പിടികൂടി പൊലീസില്‍ ഏല്‍പ്പിച്ചു. തിരുവനന്തപുരം ജില്ലയിലെ വിവിധ സ്റ്റേഷനുകളില്‍ നിരവധി കേസുകളിലെ പ്രതിയാണ് യുവാവ് എന്ന് പൊലീസ് പറഞ്ഞു.കല്ലമ്പലം മുതല്‍ കോട്ടയം കറുകച്ചാല്‍ വരെ പിടിച്ചുപറിയും സ്ത്രീകളെ അതിക്രമിച്ചതിനും നിഷാന്തിനെതിരെ ഒറ്റ ദിവസം കൊണ്ട് 13 കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ഫോട്ടോയെടുക്കാന്‍ ഉപയോഗിച്ച മൊബൈല്‍ ഫോണും പൊലീസ് കസ്റ്റഡിയില്‍ എടുത്തു. പ്രതിയുടെ മൊബൈലില്‍ നിരവധി നഗ്ന വിഡിയോ ഉണ്ടെന്നും അത് ചിത്രീകരിച്ചതാണോ എന്ന് പരിശോധിച്ചുവരികയാണെന്നും പൊലീസ് പറഞ്ഞു.
