കാസര്‍കോട്: നുള്ളിപ്പാടിയില്‍ അടിപ്പാത അനുവദിക്കണമെന്നാവശ്യപ്പെട്ട് ജനകീയ കര്‍മസമിതി നാളെ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തും. അടിപ്പാതക്കായി സ്ഥലം അടയാളപ്പെടുത്തിയിട്ടും നിര്‍മാണം നടത്താന്‍ അധികൃതര്‍ തയ്യാറായിട്ടില്ലെന്നും നാടിനെ രണ്ടായി വിഭജിച്ചുകൊണ്ടുള്ള ദേശീയപാതാ നിര്‍മാണം അംഗീകരിക്കില്ലെന്നും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
നഗരസഭയിലെ ഒരോയൊരു വാതക ശ്മശാനമുള്ളത് ചെന്നിക്കരയിലാണ്. ദേശീയപാത വന്നാല്‍ പുതിയ ബസ്സ്റ്റാന്‍ഡ് ഭാഗത്തുനിന്ന് നുള്ളിപ്പാടി വഴി ശ്മശാനത്തിലേക്ക് പോകണമെങ്കില്‍ അണങ്കൂര്‍വഴി മൂന്ന് കിലോമീറ്ററിലധികം യാത്രചെയ്യേണ്ടിവരും. ഈ റോഡിന്റെ രണ്ട് ഭാഗത്തുള്ളവരും ഒരേതരത്തിലാണ് പ്രയാസപ്പെടുന്നത്. സര്‍ക്കാര്‍ സൗജന്യമായി നല്‍കുന്ന റേഷന്‍ വാങ്ങാന്‍പോലും 100 രൂപ ഓട്ടോക്കൂലി നല്‍കേണ്ട സാഹചര്യമാണുള്ളത്. ആയിരക്കണക്കിന് ആളുകളുടെ സഞ്ചാര സ്വാതന്ത്ര്യം നിഷേധിക്കപ്പെടുമെന്നും ഭാരവാഹികള്‍ പറഞ്ഞു. കഴിഞ്ഞ ജനുവരിയിലാണ് നുള്ളിപ്പാടിയില്‍ അടിപ്പാത വേണമെന്ന ആവശ്യവുമായി നാട്ടുകാര്‍ രംഗത്തെത്തിയത്. തുടര്‍ന്ന് ചര്‍ച്ചകള്‍ നടത്തി വാക്കാല്‍ ഉറപ്പ് നല്‍കുകയുംചെയ്തിരുന്നു. ചെന്നിക്കര പ്രദേശത്ത് സ്ഥലം അടയാളപ്പെടുത്തുകയും എന്നാല്‍ മറ്റൊരു സ്ഥലം കാണിച്ച് അടിപ്പാത അപ്രായോഗികമെന്ന് വാദിക്കുകയുമാണ് നിര്‍മാണ കമ്പനിയും ചെയ്യുന്നതെന്ന് സമരസമിതി കുറ്റപ്പെടുത്തുന്നു. അടിപ്പാതക്കായി അടയാളപ്പെടുത്തിയ സ്ഥലത്തുകൂടി റോഡ് കെട്ടിപ്പൊക്കാന്‍ നിര്‍മാണ കമ്പനി നീക്കം നടത്തിയതിനെയാണ് സമരസമിതി ചെറുത്തത്. സംഭവത്തെ തുടര്‍ന്ന് കളക്ടര്‍ സമരക്കാരുമായി ചര്‍ച്ച നടത്തിയിരുന്നു. പി. രമേശ്, അനില്‍ ചെന്നിക്കര, ഹാരിസ് നുള്ളിപ്പാടി, വരപ്രസാദ് കോട്ടക്കണി, എം. ലളിത, കെ. ശാരദ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
