കാസര്‍കോട്: മുളിയാര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ വീട്ടുമുറ്റത്ത് എത്തിയത് വ്യത്യസ്തമായ നാലു പുലികളാണെന്നു സ്ഥിരീകരിച്ച് വനം വകുപ്പ് അധികൃതര്‍. മുളിയാര്‍ പഞ്ചായത്ത് ജനജാഗ്രതാ യോഗത്തില്‍ റേഞ്ച് ഓഫീസര്‍ സി.വി വിനോദ് കുമാര്‍ ആണ് ഇക്കാര്യം ഔദ്യോഗികമായി വ്യക്തമാക്കിയത്. പാണൂര്‍, കാനത്തൂര്‍, ഭാഗങ്ങളില്‍ തുടര്‍ച്ചയായ ദിവസങ്ങളില്‍ പുലികള്‍ ഇറങ്ങിയതിനെ തുടര്‍ന്നാണ് ജാഗ്രതാ സമിതി യോഗം ചേര്‍ന്നത്. പുലികളെയെല്ലാം കൂടുവച്ച് പിടികൂടുന്നത് പ്രായോഗികമല്ലെന്നും വനാതിര്‍ത്തി കടന്ന് എത്തുന്ന പുലിയെ ഭയപ്പെടുത്തി ഉള്‍വനത്തിലേക്ക് ആട്ടിയോടിക്കുകയെന്നാണ് ഫലപ്രദമായ മാര്‍ഗമെന്നാണ് വനംവകുപ്പ് അധികൃതര്‍ യോഗത്തില്‍ വിശദീകരിച്ചു. അതേ സമയം മുളിയാറിലെ വിവിധ ഭാഗങ്ങളില്‍ ഇറങ്ങിയത് കാട്ടുപൂച്ചയാണെന്ന വനം വകുപ്പ് ഉദ്യോഗസ്ഥരുടെ നിലപാട് മാറ്റിയത് ജനങ്ങള്‍ക്കിടയില്‍ ചര്‍ച്ചയായിട്ടുണ്ട്. നാലു പുലികളല്ല, നിരവധി പുലികള്‍ മുളിയാറില്‍ ഉണ്ടെന്നാണ് ജനങ്ങള്‍ പറയുന്നത്. ഇതിനകം നാട്ടിന്‍പുറത്തെത്തിയത് ഒരു പുലിയല്ലെന്നും നാട്ടുകാര്‍ പറഞ്ഞു. ഒന്നില്‍ കൂടുതല്‍ പുലികളുടെ സാന്നിധ്യം ഉള്ളതിനാല്‍ ജനങ്ങളുടെ സഹകരണത്തോടെ ഉള്‍ക്കാട്ടിലേക്ക് ഓടിക്കാനുള്ള ശ്രമം ആരംഭിക്കുമെന്നും വനംവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.
