കാസര്‍കോട്: സംസ്ഥാന സ്‌കൂള്‍ കായിക മേളയില്‍ സബ്ജൂനിയര്‍ ആണ്‍കുട്ടികളുടെ നൂറുമീറ്റര്‍ ഓട്ടമത്സരത്തില്‍ സ്വര്‍ണ്ണം നേടിയ അംഗഡിമുഗര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി നിയാസ് അഹമ്മദിനു ഇന്നു കാസര്‍കോട്ട് രാജകീയ സ്വീകരണം. പിടിഎയുടെയും നാട്ടിലെ ക്ലബ്ബുകളുടെയും നാട്ടുകാരുടെയും നേതൃത്വത്തിലാണ് സ്വീകരണ പരിപാടി ഒരുക്കുന്നത്. കൊച്ചിയില്‍ നിന്നു ഏറനാട് എക്‌സ്പ്രസ് ട്രെയിനില്‍ പുറപ്പെട്ട നിയാസ് ശനിയാഴ്ച വൈകുന്നേരം 3.30ന് കാസര്‍കോട്ടെത്തും. അവിടെ നിന്നു പുഷ്പഹാരം അണിയിച്ച് തുറന്ന വാഹനത്തില്‍ ബാന്റ്‌സെറ്റിന്റെ അകമ്പടിയോടെ അംഗഡിമുഗറിലേക്കു ആനയിക്കുമെന്നു പിടിഎ പ്രസിഡണ്ട് പറഞ്ഞു.
അന്‍പതു ശതമാനത്തോളം മാത്രം കാഴ്ചശക്തിയുള്ള ആളാണ് നിയാസ്. പരിശീലിപ്പിക്കാന്‍ കോച്ചോ, പരിശീലനത്തിനു സിന്തറ്റിക് ട്രാക്കോ ഒന്നും ഇല്ലാത്ത സാഹചര്യത്തിലാണ് നിയാസ് സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ പൊന്നണിഞ്ഞത്. പവര്‍ കൂടിയ കണ്ണട ധരിച്ചാണ് നിയാസ് 100 മീറ്റര്‍ ദൂരം 12.40 സെക്കന്റു കൊണ്ട് ഫിനിഷ് ചെയ്തത്.
അംഗഡിമുഗര്‍, ബക്കംവളപ്പിലെ അബ്ദുല്‍ ഹമീദിന്റെ മകനാണ് നിയാസ്. നസീമയാണ് മാതാവ്. അംഗഡിമുഗര്‍ ഹയര്‍സെക്കണ്ടറി സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ നുഫൈസ്, നാഫി, നുസീബ മറിയം എന്നിവര്‍ സഹോദരങ്ങളാണ്.
