കാസര്‍കോട്: ഉല്‍പ്പാദന കുറവും കനത്ത മഴയും കാരണം ഉള്ളിവില ഉയരുന്നു. പ്രധാന ഉള്ളി ഉല്‍പാദന കേന്ദ്രങ്ങളായ മഹാരാഷ്ട്രയിലെ പൂന, നാസിക്, കര്‍ണ്ണാടകയിലെ ഹുബ്ലി എന്നിവിടങ്ങളില്‍ നിന്നു വരവ് കുറഞ്ഞു. ഇതോടെ സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പല നിരക്കിലാണ് ഉള്ളിവില്‍പ്പന. ഒരാഴ്ച മുമ്പു വരെ 50 രൂപയ്ക്ക് താഴെയായിരുന്നു ഉള്ളിവില. ശനിയാഴ്ച വിവിധ മാര്‍ക്കറ്റുകളില്‍ 80 രൂപ വരെയാണ് കിലോയ്ക്ക് ഈടാക്കുന്നത്. മുള്ളേരിയ മാര്‍ക്കറ്റില്‍ പുതിയ ഉള്ളിക്ക് 65 രൂപയും പഴയ ഉള്ളിക്ക് 80 രൂപയുമാണ്. കുമ്പളയില്‍ 70 രൂപയാണ്.
സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ ഉള്ളിവില ഉയര്‍ന്നത് കൊല്ലം മാര്‍ക്കറ്റിലാണ്. 80 രൂപ മുതല്‍ 90 രൂപ വരെയാണ് വില.
നാസികിലും പൂനയിലും ഈ സീസണില്‍ 25 ശതമാനം ഉള്ളി ഉല്‍പ്പാദനം മാത്രമാണ് ഉണ്ടായത്. കാലാവസ്ഥാ വ്യതിയാനമാണ് ഉള്ളി ഉല്‍പാദനത്തില്‍ വലിയ കുറവ് ഉണ്ടാകാന്‍ ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
