മംഗൽപാടിയിൽ പുതിയ മാലിന്യ സംസ്കരണ പ്ലാന്റ് വരും; മനുഷ്യാവകാശ കമ്മീഷനിൽ കാസർകോട് ജില്ലാ കളക്ടർ റിപ്പോർട്ട് നൽകി

കാസർകോട്: മഞ്ചേശ്വരം മംഗൽപാടി ഗ്രാമപഞ്ചായത്തിൽ 2024-25 സാമ്പത്തിക വർഷത്തിൽ ആധുനിക സംവിധാനങ്ങളോടുകൂടിയ മാലിന്യസംസ്കരണ പ്ലാന്റ് നിർമ്മിക്കാൻ മൂന്നുകോടിയുടെ പ്രോജക്റ്റ് ഏറ്റെടുത്തിട്ടുണ്ടെന്ന് ജില്ലാ കളക്ടർ മനുഷ്യാവകാശ കമ്മീഷനെ അറിയിച്ചു.കുബണൂർ മാലിന്യപ്ലാന്റിൽ ഇടക്കിടെ തീപിടുത്തമുണ്ടാകുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച പരാതിയിൽ കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോർട്ടിലാണ് ജില്ലാ കളക്ടർ ഇക്കാര്യമറിയിച്ചത്.2024 ഫെബ്രുവരി 12 ന് രാത്രിയാണ് തീപിടുത്തം ഉണ്ടായത്. വിവരമറിഞ്ഞയുടൻ വിവിധ സർക്കാർ വകുപ്പുകളെ ഏകോപിപ്പിച്ച് തീയണക്കാൻ കഴിഞ്ഞു. 14 നും 21 നും രാത്രി വീണ്ടും തീപിടുത്തം ഉണ്ടായെങ്കിലും നിയന്ത്രണ വിധേയമാക്കാൻ കഴിഞ്ഞു. തുടർന്നും അപകടം സംഭവിക്കാതിരിക്കാൻ തദ്ദേശസ്വയം ഭരണ സ്ഥാപനത്തിന്റെ നേതൃത്വത്തിൽ ഫയർ ഓഡിറ്റ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. തീപിടുത്തംസംബന്ധിച്ച് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്താൻ പൊലീസിന് നിർദ്ദേശം നൽകിയിട്ടുണ്ട്. ബയോ മൈനിംഗ് പ്രോജക്റ്റിന്റെ ടെണ്ടർ അംഗീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു. കുബണൂർ മാലിന്യ പ്ലാന്റിനെതിരെ ഹൈക്കോടതിയിലും ദേശീയ ഹരിത ട്രൈബ്യൂണലിലും കേസുകൾ നിലവിലുണ്ടെന്നും റിപ്പോർട്ടിലുണ്ട്. മാലിന്യസംസ്കരണ പ്ലാന്റ് സംബന്ധിച്ച കേസുകൾ നിലനിൽക്കുന്നതിനാൽ കൂടുതൽ നടപടികൾ നിർദ്ദേശിക്കുന്നില്ലെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു. പൊതുപ്രവർത്തകനായ അഡ്വ.വി. ദേവദാസ് സമർപ്പിച്ച പരാതിയിലാണ് നടപടി.

Subscribe
Notify of
guest
0 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
RELATED NEWS

You cannot copy content of this page