കണ്ണൂര്‍: സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ഭാര്യയെയും മകനെയും കൂട്ടി നാടുവിട്ട കാസര്‍കോട്ടെ വസ്ത്രവ്യാപാരിയെ കാറില്‍ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം. മൂന്നു പേര്‍ അറസ്റ്റില്‍. കാസര്‍കോട്, കല്ലക്കട്ട, മരുതംവയലിലെ പി. മുഹമ്മദ് ഷാബിറി(34)നെ തട്ടിക്കൊണ്ടു പോകാനാണ് ശ്രമം ഉണ്ടായത്. സംഭവത്തില്‍ വിദ്യാനഗര്‍, കല്ലക്കട്ട, നായിത്തടുക്ക ഹൗസിലെ ടി.എ സമീര്‍ (34), വിദ്യാനഗര്‍, മരുതംവയല്‍ ഹൗസിലെ എം അബ്ദുല്ല (41), കമ്പാര്‍, അംഗഡിമുഗര്‍ ഹൗസിലെ എം.കെ സെയ്തലി (30) എന്നിവരെ കണ്ണൂര്‍ ടൗണ്‍ എസ്.ഐ.മാരായ പി.പി ഷമീര്‍, എന്‍ സവ്യസാചി എന്നിവര്‍ ചേര്‍ന്ന് അറസ്റ്റു ചെയ്തു.
വെള്ളിയാഴ്ച വൈകുന്നേരം ഏഴു മണിയോടെ കണ്ണൂര്‍, താവക്കരയിലാണ് സംഭവം. പരാതിക്കാരനും ഭാര്യയും മകനും ഏതാനും ദിവസമായി സ്ഥലത്തെ ഒരു ഹോട്ടലില്‍ മുറിയെടുത്തു കഴിയുകയായിരുന്നു. ഇവിടെയെത്തിയ സമീറും സംഘവും ഒരു കാര്യം പറയാനുണ്ടെന്നു പറഞ്ഞ് ഷാബിറിനെ ഹോട്ടലില്‍ നിന്നു വിളിച്ചിറക്കുകയും താഴെ നിര്‍ത്തിയിട്ടിരുന്ന കാറില്‍ കയറ്റി കൊണ്ടു പോകാന്‍ ശ്രമിക്കുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. മുഹമ്മദ് ഷാബിര്‍ നിലവിളിച്ചതോടെ ആള്‍ക്കാര്‍ ഓടിക്കൂടി പൊലീസിനെ വിവരം അറിയിച്ചു. പൊലീസെത്തി മൂന്നു പേരെയും കസ്റ്റഡിയിലെടുത്തു. മുഹമ്മദ് ഷാബിര്‍ ബിസിനസ് ആവശ്യത്തിനായി സെമീറില്‍ നിന്നു 20 ലക്ഷം രൂപ വായ്പയായി വാങ്ങിയിരുന്നുവത്രെ. എന്നാല്‍ ലാഭമില്ലാത്തതിനെ തുടര്‍ന്ന് ബിസിനസ് തകര്‍ന്നു. വായ്പ തിരിച്ചു കൊടുക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് മുഹമ്മദ് ഷാബിര്‍ ഭാര്യയെയും മകനെയും കൂട്ടി നാടുവിടുകയായിരുന്നുവെന്നു പൊലീസ് പറഞ്ഞു.
