കാസര്‍കോട്: മദ്യലഹരിയില്‍ ബഹളം വച്ച യുവാവിനെ സഹയാത്രികര്‍ ചേര്‍ന്ന് ട്രെയിനില്‍ നിന്നു ഇറക്കി വിട്ടതില്‍ പ്രകോപിതനായ യുവാവ് ട്രെയിനിനു നേരെ നടത്തിയ കല്ലേറില്‍ യാത്രക്കാരന്റെ തല പൊട്ടി. കൊല്ലം, ശക്തികുളങ്ങര സ്വദേശി മുരളി (62)ക്കാണ് പരിക്കേറ്റത്. ഇയാളെ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇദ്ദേഹത്തിന്റെ തലയില്‍ ഏഴു തുന്നിക്കെട്ടുകള്‍ ഉള്ളതായി പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച ഉച്ചയ്ക്കാണ് സംഭവം. ഇതേ കുറിച്ച് പൊലീസ് വിശദീകരിക്കുന്നത് ഇങ്ങനെ: ‘വെസ്റ്റ് കോസ്റ്റ് എക്‌സ്പ്രസിലെ യാത്രക്കാരനായിരുന്നു മുരളി. ട്രെയിന്‍ കാസര്‍കോട് വിട്ടപ്പോള്‍ ഇയാള്‍ സഞ്ചരിച്ചിരുന്ന കമ്പാര്‍ട്ട്‌മെന്റിലെ യാത്രക്കാരനായ യുവാവ് മദ്യലഹരിയില്‍ ബഹളം വച്ചു. ഇത് ചോദ്യം ചെയ്ത യാത്രക്കാര്‍ക്കു നേരെ യുവാവ് തിരിഞ്ഞു. ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ മറ്റു യാത്രക്കാര്‍ ചേര്‍ന്ന് മദ്യലഹരിയില്‍ അതിക്രമത്തിനു തുനിഞ്ഞ യുവാവിനെ നിര്‍ബന്ധപൂര്‍വ്വം കമ്പാര്‍ട്ട്‌മെന്റില്‍ നിന്നു ഇറക്കിവിട്ടു. ഇതില്‍ പ്രകോപിതനായ യുവാവ് നീങ്ങി തുടങ്ങിയ ട്രെയിനിനു നേരെ കല്ലെറിയുകയായിരുന്നു. സൈഡ് സീറ്റില്‍ ഇരിക്കുകയായിരുന്ന മുരളിയുടെ തലയിലാണ് കല്ല് പതിച്ചത്.ട്രെയിന്‍ നീലേശ്വരം സ്റ്റേഷനില്‍ എത്തിയപ്പോള്‍ പരിക്കേറ്റ മുരളിയെ സ്റ്റേഷന്‍ മാസ്റ്ററെ ഏല്‍പ്പിച്ചു. അദ്ദേഹം വിവരം അറിയിച്ചതിനെ തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ നിന്നു പൊലീസെത്തി മുരളിയെ തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.’ ട്രെയിനിനു നേരെ കല്ലെറിഞ്ഞ ആളെ കണ്ടെത്താനായിട്ടില്ല. റെയില്‍വെ സ്റ്റേഷനിലെയും പരിസരത്തെയും സിസിടിവികളിലെ ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണ്.