കാസര്‍കോട്: രക്ഷിതാക്കള്‍ കുഞ്ഞുങ്ങളെ ചേര്‍ത്തു പിടിച്ചു കുടുംബ ബന്ധങ്ങള്‍ ഊട്ടിയുറപ്പിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണന്‍ പറഞ്ഞു. ബാലാവകാശ കമ്മീഷനും കുടുംബശ്രീ മിഷനും ചേര്‍ന്നു നടത്തിയ ബാലസൗഹൃദ രക്ഷാകര്‍തൃത്വം പരിശീലനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍. മൊബൈല്‍ ഫോണിന്റെ അതിപ്രസരം കുടുംബ ബന്ധങ്ങളില്‍ വിള്ളല്‍ വരുത്തുന്നുണ്ടെന്നും അവര്‍ പറഞ്ഞു. സമപ്രായക്കാരായ കുട്ടികള്‍ക്കൊപ്പം കളിച്ച് വളരേണ്ട കുഞ്ഞുങ്ങളെ മൊബൈല്‍ ഫോണ്‍ കൂട്ടിന് നല്‍കി വീട്ടകങ്ങളില്‍ ഒതുക്കി വളര്‍ത്തുന്ന രക്ഷിതാക്കളാണ് കൂടുതലും. ഭക്ഷണവും വസ്ത്രവും വിദ്യാഭ്യാസവും നല്‍കുന്നതോടൊപ്പം വാല്‍സല്യവും കരുതലും കുട്ടികള്‍ക്കു നല്‍കണം.
ബാലാവകാശ കമ്മീഷന്‍ അംഗം ബി. മോഹന്‍ കുമാര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ കോര്‍ഡിനേറ്റര്‍ ടി.ടി സുരേന്ദ്രന്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ഷൈനി ഐസക്, എം. രേഷ്മ, കെ.വി ലിജിന്‍, ആല്‍ബിന്‍ എല്‍ദോസ്, കെ.ഷുഹൈബ് പ്രസംഗിച്ചു.
