മംഗ്‌ളൂരു: 40 ലക്ഷം രൂപയുടെ ഇന്‍ഷൂറന്‍സ് തട്ടാന്‍ പഴം വ്യാപാരിയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി സ്വാഭാവിക മരണമാണെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമം. പൊലീസ് തന്ത്രപരമായി നടത്തിയ അന്വേഷണത്തില്‍ കൊലപാതകത്തിന്റെ ചുരുളഴിച്ച് ഉറ്റ സുഹൃത്ത് ഉള്‍പ്പെടെ നാലു പേരെ അറസ്റ്റു ചെയ്തു. ദാവണഗരെ, ആസാദ്‌നഗര്‍ സ്വദേശികളായ ഗണേഷ് (24), അനില്‍ (18), ശിവകുമാര്‍ (25), മാരുതി (24) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. പഴം വ്യാപാരിയായ ഇമാം നഗര്‍ സ്വദേശി ദുഗ്ഗേഷ് ആണ് കൊല്ലപ്പെട്ടത്.
ദുഗ്ഗേഷും ഗണേഷും ഉറ്റ ചങ്ങാതിമാരാണ്. ഗണേഷ്, സുഹൃത്തിനെ 40 ലക്ഷത്തിന്റെ ഇന്‍ഷൂറന്‍സില്‍ ചേര്‍ത്തതോടെയാണ് കൊലപാതകത്തിന്റെ തിരക്കഥ ആരംഭിക്കുന്നത്. ഉറ്റസുഹൃത്തായതിനാലാണ് ഗണേഷ് ആവശ്യപ്പെട്ട പോലെ ഇന്‍ഷൂറന്‍സ് പോളിസി എടുത്തത്. ആദ്യ പ്രീമിയം അടയ്ക്കുകയും ചെയ്തു. രണ്ടാമത്തെ പ്രീമിയം അടക്കുന്ന സമയത്ത് ക്ലെയിം ചെയ്യേണ്ട ഘട്ടത്തില്‍ സമര്‍പ്പിക്കേണ്ടുന്ന എല്ലാ രേഖകളും ഗണേഷിനെ അവകാശിയാക്കിക്കൊണ്ട് തയ്യാറാക്കി കൈക്കലാക്കിയിരുന്നുവെന്നു പൊലീസ് പറഞ്ഞു. രേഖകളെല്ലാം കൈക്കലാക്കി കഴിഞ്ഞ ശേഷമാണ് കൊല നടത്താനുള്ള പദ്ധതി തയ്യാറാക്കിയത്. കഴിഞ്ഞ ചൊവ്വാഴ്ച ദുഗ്ഗേഷിനെ സൂത്രത്തില്‍ കൂട്ടിക്കൊണ്ടു പോയി മറ്റു മൂന്നു പേരുടെ സഹായത്തോടെ കഴുത്തു ഞെരുക്കി കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് സ്വാഭാവിക മരണമാണെന്നു വരുത്തിത്തീര്‍ത്ത് ഇന്‍ഷൂറന്‍സ് തുക തട്ടിയെടുക്കുകയായിരുന്നു ലക്ഷ്യം. എന്നാല്‍ ദുഗ്ഗേഷിന്റെ ബന്ധുക്കളായ ചിലര്‍ക്ക് മരണത്തില്‍ സംശയം തോന്നുകയും പൊലീസിനെ വിവരം അറിയിക്കുകയും ചെയ്തു. പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിനൊടുവിലാണ് കൊലപാതകമാണെന്നു കണ്ടെത്തി പ്രതികളെ അറസ്റ്റു ചെയ്തത്.
