കണ്ണൂര്‍: കണ്ണൂര്‍ എ.ഡി.എം കെ. നവീന്‍ബാബുവിന്റെ ആത്മഹത്യാ കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യയ്ക്ക് ജാമ്യം. തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചുകൊണ്ടു ഉത്തരവായത്. ഏതു അന്വേഷണവുമായി സഹകരിക്കുവാന്‍ തയ്യാറാണെന്നു ദിവ്യയുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചിരുന്നു. ഇതു പരിഗണിച്ചാണ് ജാമ്യം അനുവദിച്ചുകൊണ്ടു ഉത്തരവായത്.
നവീന്‍ബാബുവിന്റെ ആത്മഹത്യാകേസില്‍ പ്രതിയായ ദിവ്യ നേരത്തെ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ദിവ്യ പൊലീസില്‍ കീഴടങ്ങിയത്. പത്തുദിവസമായി കണ്ണൂര്‍ വനിതാ ജയിലില്‍ റിമാന്റിലായിരുന്നു ദിവ്യ. ദിവ്യക്ക് ജാമ്യം ലഭിച്ചതിനെ കുറിച്ച്, തുടര്‍ നടപടികള്‍ അഭിഭാഷകരുമായി ആലോചിച്ചു തീരുമാനിക്കുമെന്നു നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ പ്രതികരിച്ചു.
കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഎം ജില്ലാ കമ്മിറ്റി യോഗം ജില്ലാ കമ്മിറ്റി അംഗമായിരുന്ന പി.പി ദിവ്യയെ ബ്രാഞ്ച് കമ്മിറ്റിയിലേക്ക് തരംതാഴ്ത്തിയിരുന്നു.
