2013ല്‍ പ്രസിദ്ധീകരിച്ച എന്റെ മൂന്നാമത്തെ പുസ്തകമാണ് ‘സ്ത്രീ രോദനത്തിന്റെ കാണാപ്പുറങ്ങള്‍. പ്രകാശന്‍ കരിവെള്ളൂര്‍ പ്രസ്തുത പുസ്തകത്തെ വിലയിരുത്തി പരാമര്‍ശിച്ച വസ്തുതകള്‍ ഏറെ ശ്രദ്ധേയമാണ്. കാലവും ലോകവും നിരാര്‍ദ്രമാകുമ്പോള്‍ മനുഷ്യപ്പറ്റുള്ള ആളുകള്‍ക്ക് ജീവിതം ഒരു ആധിയായി തീരുകയാണ്. അവര്‍ നാടോടുമ്പോള്‍ നടുവേ ഓടാന്‍ ശീലിച്ചിട്ടില്ലാത്ത വ്യക്തികളാണെങ്കില്‍ പറയുകയേ വേണ്ട. പ്രതിസന്ധികള്‍ രൂക്ഷമാകുന്നു. സമൂഹവും സംസ്‌കാരവും അവര്‍ക്ക് സമ്മാനിക്കുന്നത് കുറെ ഉത്ക്കണ്ഠകളും സംഘര്‍ഷങ്ങളും മാത്രമാണ്. സ്വാര്‍ത്ഥതയുടെയും, സുരക്ഷിതത്വത്തിന്റെയും, ശുഭപ്രതീക്ഷയുടേയും മൗന വാത്മീകങ്ങളില്‍ കഴിയാന്‍ അനുഭവങ്ങള്‍ അനുവദിക്കുന്നില്ല. അത് കൊണ്ട് സ്വന്തം പരിമിതികള്‍ മറന്ന് അവര്‍ ചുറ്റും ഉള്ളവരുടെ കണ്ണീരിനും കിനാവിനും ഒപ്പം യാത്ര ചെയ്യുന്നു. അങ്ങനെ ഒരു സഹയാത്രികന്റെ നെടുവീര്‍പ്പുകളാണ് കൂക്കാനം റഹ്‌മാന്‍ മാഷിന്റെ ‘സ്ത്രീരോദനത്തിന്റെ കാണാപ്പുറങ്ങള്‍’ എന്ന അനുഭവ സാക്ഷ്യങ്ങള്‍.
ഈ പുസ്തകത്തില്‍ 21 അധ്യായങ്ങളിലായി പ്രതിപാദിക്കുന്ന അനുഭവങ്ങള്‍ തീര്‍ച്ചയായും വായനക്കാരുടെ ഉള്ളില്‍ നീറ്റലുണ്ടാക്കും. സഹോദരിമാര്‍ അകപ്പെട്ടു പോയ ചുഴിയില്‍ നിന്ന് രക്ഷപ്പെടാന്‍ മാര്‍ഗ്ഗമില്ലാതെ അലയുന്ന കാഴ്ചകള്‍ നമുക്ക് സുപരിചിതമാണ്. പ്രണയത്തിന് വേണ്ടി മതം മാറിയവള്‍, തെരുവില്‍ അക്രമിക്കപ്പെടാതെ കഴിയാന്‍ വേണ്ടി കുളിക്കാതെ, പല്ലു തേക്കാതെ, മുഷിഞ്ഞു കീറിയ വസ്ത്രമുടുത്തു നടക്കുന്നവള്‍, വീടിനകത്തെ ലൈംഗിക ചൂഷണത്തില്‍ നിന്ന് രക്ഷപെടാന്‍ മധ്യവയസ്‌കനെ വിവാഹം കഴിച്ചവള്‍, ആത്മഹത്യ ഒഴിവാക്കാന്‍ ലൈംഗിക തൊഴില്‍ സ്വീകരിച്ചവള്‍, ആത്മീയ ഗുരുക്കന്മാരാല്‍ ലൈംഗിക ചൂഷണത്തിന് ഇരകളാകുന്ന വിദ്യാര്‍ത്ഥികള്‍, അനാഥത്വം പേറുന്ന ബാലികമാര്‍ തുടങ്ങിയവരുടെ നീറുന്ന അനുഭവങ്ങളാണ് ഈ പുസ്തകത്താളുകളില്‍ ഞാന്‍ കോറിയിട്ടത്.
2013 ഏപ്രില്‍ 20ന് കാസര്‍കോട് പ്രസ് ക്ലബ്ബില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ആയിരുന്ന എ.ജി.സി.ബഷീര്‍ ആണ് പുസ്തക പ്രകാശനം നടത്തിയത്. ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍, പ്രസ് ക്ലബ്ബ് സെക്രട്ടറി പ്രകാശന്‍ കരിവെള്ളൂര്‍ എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു. മുജീബ് റഹ്‌മാനാണ് പ്രസ്തുത ചടങ്ങിന് ആതിഥ്യം വഹിച്ചത്. നൂറ് പേജുള്ള പുസ്തകം ആയിരം കോപ്പി അടിച്ചു. ‘നടന്നുവന്ന വഴികളിലേക്ക് ‘ എന്ന എന്റെ നാലാമത് പുസ്തകം പുറത്തിറങ്ങിയതില്‍ ചില പ്രത്യേകതകളുണ്ട്. ഇരുനൂറു പേജുകളിലായി അറുപത് ഓര്‍മ്മക്കുറിപ്പുകളാണ് ഇതിലെ ഉള്ളടക്കം. സെക്സ് വര്‍ക്കേര്‍സിന്റെ സി.ബി.ഒ സംഘടനയായ ‘സഭ’യാണ് പ്രകാശനച്ചടങ്ങ് സംഘടിപ്പിച്ചത്. കാണങ്ങാട് വ്യാപാരഭവനില്‍ നൂറോളം സുഹൃത്തുക്കള്‍ പങ്കെടുത്ത വേദിയില്‍ വെച്ച് അന്നത്തെ എം.പി. പി. കരുണാകരനാണ് പ്രകാശന കര്‍മ്മം നിര്‍വ്വഹിച്ചത്. അദ്ദേഹം പറഞ്ഞ ഒരു പ്രസ്താവന എന്റെ ഉള്ളില്‍ തട്ടി. ‘ഗ്രന്ഥകാരന്‍ മരിച്ചാലും ഗ്രന്ഥം മരിക്കുന്നില്ല’. എന്റെ തുടര്‍ന്നുള്ള എഴുത്തിന് ആ പ്രസ്താവന പ്രചോദനമായിട്ടുണ്ട്. പുസ്തകം ഏറ്റുവാങ്ങിയത് എന്നെ പ്രൈമറി ക്ലാസില്‍ പഠിപ്പിച്ച, ഇന്ന് ജീവിച്ചിരിക്കുന്ന ഏക അധ്യാപകന്‍ കെ.കുമാരന്‍ മാസ്റ്ററാണ്. അവതാരിക എഴുതിയ ഡോ.എം ബാലന്‍ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ പുസ്തകത്തെ അവതരിപ്പിച്ചു. ‘തന്റെ നാടിനോടും നാടിന്റെ സംസ്‌കൃതിയോടും അദ്ദേഹം പുലര്‍ത്തിപ്പോന്ന ആത്മാര്‍ത്ഥമായ പ്രതിബദ്ധത അദ്ദേഹത്തിന്റെ ഓരോ വാക്കിലും പ്രതിഫലിക്കുന്നു. രാഷ്ട്രീയം, സാഹിത്യം, ചരിത്രം, കുടുംബ ബന്ധങ്ങള്‍, സാമൂഹ്യ ബന്ധങ്ങള്‍, സംഘബോധത്തിലൂടെ നേടിയെടുത്ത വിജയങ്ങള്‍, ചില പ്രണയങ്ങള്‍, പ്രണയ പരാജയങ്ങള്‍, മോഹങ്ങള്‍, മോഹഭംഗങ്ങള്‍ എങ്ങനെ പുതിയ കാലത്ത് സക്രിയമായി നില്‍ക്കുന്ന ഒരു വ്യക്തിയുടെ ജീവിത സന്ദര്‍ഭങ്ങള്‍ പല കുറിപ്പുകളിലായി ഈ കൃതി രേഖപ്പെടുത്തിവെക്കുന്നു.
ചരിത്രം ഉറങ്ങുന്ന കരിവെള്ളൂരിന്റെ മണ്ണിലാണ് റഹ്‌മാന്‍ മാഷ് ജനിച്ചത്. കാലവും വ്യക്തികളും പകര്‍ന്നാട്ടം നടത്തുന്ന ഒരു സമൂഹത്തില്‍ ജീവിക്കുകയും തന്റെ നെഞ്ചിനകത്തെ ക്യാമറയില്‍ പതിഞ്ഞ ചില ചിത്രങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ ഗതിവിഗതികള്‍ കൂടി പരിഗണിച്ച് അവതരിപ്പിക്കുകയാണ് ‘നടന്നുവന്ന വഴികളിലേക്ക് ഒരു തിരിഞ്ഞു നോട്ടം’ എന്ന ഈ കൃതി. ആയിരം കോപ്പി പ്രിന്റ് ചെയ്തു. എല്ലാ പുസ്തകവും വിതരണം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. പിണറായി വിജയന്‍, എം.വി. രാഘവന്‍, പി കരുണാകരന്‍ തുടങ്ങിയ രാഷ്ട്രീയ വ്യക്തിത്വങ്ങളുമൊത്തുള്ള നിമിഷങ്ങളും എനിക്ക് ഈ പുസ്തകത്തിലൂടെ പങ്ക് വെക്കാന്‍ കഴിഞ്ഞിട്ടുണ്ട്. പയ്യന്നൂരില്‍ വെച്ച് നവകേരള യാത്രാവേളയില്‍ പിണറായി വിജയന് അദ്ദേഹത്തെക്കുറിച്ചെഴുതിയ ലേഖനം കാണിച്ചു കൊടുത്ത് ഈ പുസ്തകം സമ്മാനിക്കാന്‍ സാധിച്ചു എന്നുള്ളത് മനസ്സിന് സന്തോഷം നല്‍കുന്നതായിരുന്നു.
