സ്‌കൂട്ടര്‍ അപകടത്തില്‍ യാത്രക്കാരനായ ഉടമസ്ഥന്‍ മരിച്ച് മൂന്നുദിവസം കഴിഞ്ഞിട്ടും അപകടത്തില്‍പെട്ട വാഹനത്തില്‍ നിന്നും മാറാതെ പൂവന്‍ കോഴി. കര്‍ണാടക കഡബ പുളിക്കുക്ക് മൂറച്ചെടവിലാണ് സംഭവം. കഴിഞ്ഞ ശനിയാഴ്ചയാണ് എടമംഗല സ്വദേശി സീതാരാമ ഗൗഡ സ്‌കൂട്ടര്‍ യാത്രക്കിടെ മരം ദേഹത്തുവീണ് മരിച്ചത്. ദീപാവലി ചടങ്ങിന്റെ ഭാഗമായി കൊണ്ടുപോകുന്ന പൂവന്‍ കോഴിയും വാഹനത്തിലുണ്ടായിരുന്നു. മരം ദേഹത്ത് വീണപ്പോള്‍ സീതാരാമ ഗൗഡയുടെ ശരീരത്തിന് സമീപം കാലുകള്‍ കയറുകൊണ്ട് ബന്ധിച്ച പൂവന്‍കോഴിയും വീണിരുന്നു. സംഭവം കണ്ട നാട്ടുകാര്‍ പിന്നീട് പൂവന്‍ കോഴിയുടെ കാലിലെ കെട്ടഴിച്ചുവിട്ടിരുന്നു. അപകടസ്ഥലത്ത് ആളുകള്‍ തടിച്ചുകൂടിയതോടെ കോഴി സമീപത്തെ വനത്തിലേക്ക് ഓടി മറഞ്ഞു. എന്നാല്‍ ആള്‍ക്കൂട്ടം പിരിഞ്ഞുപോയതിനുശേഷം കോഴി സ്‌കൂട്ടറിനടുത്തെത്തി. കഴിഞ്ഞ രണ്ടുദിവസമായി സ്‌കൂട്ടറിന് മുകളില്‍ തന്നെ കഴിയുകയാണ് പൂവന്‍ കോഴി. ആളുകള്‍ എത്തിയാല്‍ ഉടന്‍ അടുത്ത വനത്തിലേക്ക് ഓടിമറയും. പന്നീട് തിരിച്ചെത്തും. ഈ കൗതുക കാഴ്ച കാണാന്‍ ഇപ്പോള്‍ നിരവധി ആളുകള്‍ എത്തുന്നുണ്ട്.