കാസര്‍കോട്: കാസര്‍കോട്, പള്ളം അടിപ്പാതയ്ക്കു മുകളിലുള്ള റെയില്‍വെ ട്രാക്കില്‍ ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയില്‍ ടൗണ്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അന്വേഷണത്തിന്റെ ഭാഗമായി ബോംബ്-ഡോഗ്-ഫിംഗര്‍പ്രിന്റ് സ്‌ക്വാഡുകള്‍ പള്ളം റെയില്‍വെ ട്രാക്കില്‍ പരിശോധന നടത്തി. ടൗണ്‍ എസ്.ഐ പി. അഖിലേഷ്, എ.എസ്.ഐ മാരായ എന്‍. അരവിന്ദന്‍, ടി. രാമചന്ദ്രന്‍, ബോംബ് സ്‌ക്വാഡിലെ കെ.പി അനൂബ്, ഡോഗ് സ്‌ക്വാഡിലെ ടിനോ തോമസ്, അനീഷ് കുമാര്‍, ആര്‍.പി.എഫ് അംഗങ്ങള്‍ എന്നിവര്‍ പരിശോധനയില്‍ സംബന്ധിച്ചു. തിങ്കളാഴ്ചയാണ് കേസിനാസ്പദമായ സംഭവം. പ്ലാസ്റ്റിക് കുപ്പിയും നാണയങ്ങളും സെല്ലോടേപ്പില്‍ ചുറ്റിയ നിലയിലാണ് കാണപ്പെട്ടത്. വെളിച്ചെണ്ണയും ട്രാക്കില്‍ ഒഴിച്ചിരുന്നു. ഡോഗ് സ്‌ക്വാഡിന്റെ പരിശോധനയില്‍ വെളിച്ചെണ്ണ പാക്കറ്റ് മുറിക്കാന്‍ ഉപയോഗിച്ച രണ്ടു ബ്ലേഡുകള്‍ സ്ഥലത്തു നിന്നു കണ്ടെത്തിയിട്ടുണ്ട്. സമീപത്തെ സിസിടിവി ക്യാമറകളിലെ ദൃശ്യങ്ങള്‍ പരിശോധിക്കാനുള്ള ആലോചനയിലാണ് പൊലീസ്.