‘കലങ്ങി’. ഇല്ല, കലങ്ങിയില്ല. എല്ലാം മുറപ്രകാരം നടന്നു. കലക്കാന്‍ ചിലര്‍ ഗൂഢാലോചന നടത്തിയിരുന്നു; ജാഗ്രതയോടെ മുന്‍കരുതലെടുത്തു. കലക്കാന്‍ നോക്കിയവര്‍ അമ്പേ പരാജയപ്പെട്ടു.
കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍പൂരത്തെക്കുറിച്ചാണ് ഒടുങ്ങാത്ത വിവാദം. ഈ വര്‍ഷത്തെ പൂരം അടുത്തെത്തി; അപ്പോഴും പഴങ്കഥകള്‍ ആവര്‍ത്തിക്കുന്നു. എന്തിന്? എന്തു നേടാന്‍?
കേന്ദ്രസര്‍ക്കാര്‍ കേരളത്തിലെ ഉത്സവാഘോഷങ്ങള്‍ കലക്കാന്‍ ശ്രമിക്കുന്നു; അതിനായി ചില നിയമങ്ങളുണ്ടാക്കിയിരിക്കുന്നു. നമ്മുടെ ഉത്സവച്ചടങ്ങുകള്‍ പ്രതിസന്ധിയിലാക്കുന്ന സര്‍ക്കുലര്‍ കേന്ദ്രസര്‍ക്കാര്‍ ഉടന്‍ പിന്‍വലിക്കണം എന്ന് കേരളത്തിലെ ദേവസ്വങ്ങള്‍ ആവശ്യപ്പെടുന്നു. പെട്രോളിയം ആന്റ് എക്‌സ്‌പ്ലോസീവ് സേഫ്റ്റി ഓര്‍ഗനൈസേഷന്‍ (പെസോ എന്ന് ചുരുക്കം) നിര്‍ദ്ദേശിക്കുന്ന പുതിയ മാനദണ്ഡങ്ങളാണത്രെ പ്രതിസന്ധിയുണ്ടാക്കുന്നത്. ഇത് പ്രകാരം വെടിക്കെട്ടും ആനയെഴുന്നള്ളിപ്പും നടത്താനാവില്ല പോലും. എങ്കില്‍ അത് വേണ്ടെന്ന് വയ്ക്കരുതോ? അയ്യോ പാടില്ല. നമ്മുടെ ഉത്സവങ്ങളില്‍ ഒഴിവാക്കാന്‍ പാടില്ലാത്ത, പണ്ടേയുള്ള ചടങ്ങുകളാണത്രെ ഇത് രണ്ടും.
ആനപ്പുറത്തുള്ള എഴുന്നള്ളിപ്പിനെപ്പറ്റി പുതിയ നിര്‍ദ്ദേശം ഇതാണ്: ആനയുടെ കാലുകള്‍ ചങ്ങല കൊണ്ട് ബന്ധിക്കാന്‍ പാടില്ല. മൃഗങ്ങളോട് ക്രൂരത കാണിക്കുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്- നിയമം അനുശാസിക്കുന്നു. ചങ്ങലയിടാതെ ആനകളെ എഴുന്നള്ളിക്കാന്‍ ധൈര്യം പോര. ബഹളത്തില്‍ അലോസരം തോന്നി ആനകള്‍ ഇടഞ്ഞാലോ? ആളുകള്‍ പേടിച്ചോടും: മറിഞ്ഞു വീഴും. അത്യാഹിതങ്ങള്‍ സംഭവിക്കാനിടയുണ്ട്. ചട്ടം ലംഘിച്ച ദേവസ്വക്കാരുടെ പേരില്‍ കേസെടുക്കും. അപ്പോള്‍ ദേവസ്വക്കാര്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തും.
വെടിക്കെട്ടിന്റെ കാര്യം: ആള്‍ക്കൂട്ടം നില്‍ക്കിന്നിടത്തു നിന്നും നിശ്ചിത അകലം പാലിച്ചേ വെടിമരുന്ന് ഉപയോഗിക്കാന്‍ പാടുള്ളു. എത്രദൂരം? അത്യാഹിതം ഒഴിവാക്കാന്‍ ആവശ്യമായ ദൂരം. അത് നിശ്ചയിക്കുന്നത് ഉപയോഗിക്കുന്ന സ്‌ഫോടക വസ്തുക്കളുടെ തീവ്രത നോക്കിയിട്ടാണ്. അത് കാലാനുസരണം മാറാം. മാനദണ്ഡം സ്‌ഫോടക വസ്തുക്കളുടെ ശക്തിയാണല്ലോ. കഴിഞ്ഞ 11ന് പുറത്തുവന്ന, കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രാലയത്തിന്റെ വിജ്ഞാപന പ്രകാരം അകലം നൂറു മീറ്റര്‍. 2008ലെ നിയമപ്രകാരം 45 മീറ്റര്‍ ആയിരുന്നു. അതാണ് ഇപ്പോള്‍ ഇരട്ടിയിലധികമാക്കിയത്-നൂറുമീറ്റര്‍. വെടിക്കെട്ട് പുരയില്‍ നിന്നും മുന്നൂറു (300)മീറ്റര്‍ അകലെ നില്‍ക്കണം.
ദൂരപരിധി സംബന്ധിച്ച പുതിയ നിയന്ത്രണച്ചട്ടം പിന്‍വലിച്ച് പഴയ വ്യവസ്ഥ പുനഃസ്ഥാപിക്കണം എന്ന് മന്ത്രി രാജന്‍ ആവശ്യപ്പെടുന്നു. കേന്ദ്രത്തിന് (പ്രധാനമന്ത്രിക്കും കേരളത്തില്‍ നിന്നുള്ള കേന്ദ്രമന്ത്രിമാര്‍ക്കും) ഇത് സംബന്ധിച്ച് കത്തയക്കും എന്ന് മന്ത്രി രാജന്‍ അറിയിച്ചു. ദൂരപരിധി 60 മീറ്റര്‍ ആക്കുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി പ്രഖ്യാപിച്ചിട്ടുണ്ട്. വെടിമരുന്ന് സൂക്ഷിക്കുന്നേടത്ത് നിന്നും മുന്നൂറു മീറ്റര്‍ അകലെ മാത്രമേ ആളുകള്‍ നില്‍ക്കാന്‍ പാടുള്ളു എന്നാണ് ചട്ടം. ഒരു ചെറുതീപ്പൊരി പറന്ന് വീണാല്‍ മതി സംഭരിച്ചിട്ടുള്ള സ്‌ഫോടകവസ്തുക്കളെല്ലാം പൊട്ടിത്തെറിക്കാന്‍. എത്ര ദൂരത്തേക്ക് എന്ന് മുന്‍കൂട്ടി പറയാനാവില്ല.
ആനയെഴുന്നള്ളിപ്പ് സംബന്ധിച്ച് ഹൈക്കോടതിയും ഇടപെട്ടിട്ടുണ്ട്. നാട്ടാന പരിപാലനവുമായി ബന്ധപ്പെട്ട പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചുകൊണ്ട് കോടതി പറഞ്ഞത് ഇങ്ങനെ: കരജീവികളില്‍ ഏറ്റവും വലിയതാണ് ആന. അതിനെ എഴുന്നള്ളിക്കുന്നത് മനുഷ്യന്റെ അഹന്തയാണ്. ജലജീവികളില്‍ ഏറ്റവും വലുത് തിമിംഗലം. അതിനെ എഴുന്നള്ളിക്കാത്തത് കരജീവി അല്ലാത്തത് കൊണ്ടായിരിക്കും! കോടതിയുടെ പരിഹാസം ഏശിയോ?
ഒരു പുതിയ വാര്‍ത്ത: വെടിക്കെട്ട് തികച്ചും സുരക്ഷിതമായി നടത്താന്‍ ഒരു പുതിയ സംവിധാനം: ഉത്സവം നടക്കുന്ന തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് ഫയര്‍ ഹൈഡ്രന്റ് എന്ന സംവിധാനം ഒരുക്കിയിട്ടുണ്ട്. പുറ്റിങ്ങല്‍ വെടിക്കെട്ട് ദുരന്തത്തെത്തുടര്‍ന്ന്, കേന്ദ്ര എക്‌സ്‌പ്ലോസീവ് വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം ചെയ്തത്. മുന്‍മന്ത്രി വി.എസ് സുനില്‍ കുമാറിന്റെ പ്രാദേശിക വികസനഫണ്ടില്‍ നിന്ന് 1.10 കോടി രൂപ ഇതിനായി അനുവദിച്ചിട്ടുണ്ട്. ഇപ്പോഴാണ് ഇത് സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്തുവന്നത്. അറിഞ്ഞേടത്തോളം കാര്യം പറയാം:
നാനൂറ് മീറ്റര്‍ ചുറ്റളവില്‍ വെള്ളം ചീറ്റിത്തെറിപ്പിക്കാന്‍ ശേഷിയുള്ള സംവിധാനം. ജല അതോറിറ്റിയുടെ ടാങ്കില്‍ നിന്നും ഇതിനാവശ്യമായ വെള്ളം ലഭ്യമാക്കും. നിറച്ച വെള്ളം ചീറ്റിത്തെറിപ്പിച്ച് തീര്‍ന്നാല്‍ വീണ്ടും നിറയ്ക്കും. ഇതാണ് പുതിയ സംവിധാനം.
സര്‍വ്വത്ര ജലക്ഷാമം കത്തി നില്‍ക്കുന്ന ഈ കൊടും വരള്‍ച്ചക്കാലത്ത്, പ്രായോഗികമാക്കാന്‍ കഴിയുന്ന കാര്യമാണോ ഇത്? വെടിക്കെട്ട് ഒന്നുകൊണ്ടും ഒഴിവാക്കാനാവില്ല എന്ന പിടിവാശി!
തൃശൂരില്‍ മാത്രമല്ല ഈ പ്രശ്നം. വെടിക്കെട്ടില്ലാത്ത ഉത്സവമില്ലല്ലോ! ദീപാവലിക്കും വേണം പടക്കം പൊട്ടിക്കലും തീക്കളിയും. വടക്കേയിന്ത്യയില്‍ ദീപാവലി പ്രധാന ആഘോഷമാണ്. അത്യാഹിതമുണ്ടായി എന്ന വാര്‍ത്ത പിന്നാലെയുണ്ടാകും.
കഴിഞ്ഞ ദിവസം നീലേശ്വരത്ത് നടന്നതെന്താണ്? ആരില്‍ നിന്നും അനുമതിവാങ്ങാതെ വെടിക്കെട്ട് നടത്തി. നിരവധി പേര്‍ ഗുരുതര നിലയില്‍ ആശുപത്രികളില്‍. ജീവഹാനിയുമുണ്ടായി. രണ്ടു പേര്‍ മരിച്ചു. 100 പേര്‍ പൊള്ളലേറ്റ് ആശുപത്രികളില്‍ കഴിയുന്നു. അത് സംബന്ധിച്ച തര്‍ക്കം കത്തിപ്പടരുന്നു. ആരുടെ അനാസ്ഥ? ആരുടെ അശ്രദ്ധ എന്ന്!
ഈ കുറിപ്പ് തുടങ്ങിയേടത്തേക്ക് മടങ്ങാം. കലങ്ങിയോ, കലക്കിയോ കഴിഞ്ഞ വര്‍ഷത്തെ തൃശൂര്‍പൂരം?അതവിടെ നില്‍ക്കട്ടെ! കലക്കണം പേരും പറഞ്ഞ് നടക്കുന്നവരുടെ ”അഹന്ത”?