ബത്തേരി: ഓട്ടോറിക്ഷ മറിഞ്ഞ് രണ്ട് വയസുകാരി മരിച്ചു. നായ്ക്കട്ടി ഊരാളി ഉന്നതിയിലെ രാജേഷ്-സുമ ദമ്പതികളുടെ മകള്‍ രാജലക്ഷ്മിയാണ് മരിച്ചത്. സുല്‍ത്താന്‍ ബത്തേരി കോട്ടക്കുന്നിന് സമീപമാണ് അപകടമുണ്ടായത്. ദേശീയപാതയില്‍വെച്ച് വലതുഭാഗത്തേക്ക് യു ടേണ്‍ എടുക്കാന്‍ ശ്രമിച്ച കാറില്‍ തട്ടിയാണ് ഓട്ടോറിക്ഷ മറിഞ്ഞത്. നായ്ക്കട്ടിയില്‍നിന്ന് ബത്തേരിയിലേക്ക് ഓട്ടോറിക്ഷയില്‍ വരുമ്പോള്‍ കോട്ടക്കുന്നിന് സമീപം അതേ ദിശയില്‍ലെത്തി യൂടേണ്‍ എടുത്ത കാറുമായി ഇടിച്ച് ഓട്ടോറിക്ഷ മറിയുകയായിരുന്നു. ഇതിനടിയില്‍പെട്ട രാജലക്ഷ്മിയെ ഉടനെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇരുളത്തെ ബന്ധുവീട്ടിലേക്ക് മതാപിതാക്കള്‍ക്കും സഹോദരങ്ങള്‍ക്കുമൊപ്പം പോകും വഴിയാണ് അപകടം. അര്‍ജുനന്‍, രാജേശ്വരി എന്നിവര്‍ സഹോദരങ്ങളാണ്. അപകടത്തില്‍ മറ്റാര്‍ക്കും പരുക്കില്ല.