കാസര്‍കോട്: നീലേശ്വരം, തെരുവത്ത്, അഞ്ഞൂറ്റമ്പലം വീരര്‍കാവ് കളിയാട്ടത്തിനിടയില്‍ ഉണ്ടായ വെടിക്കെട്ട് ദുരന്തത്തില്‍ ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. ഇതോടെ ദുരന്തത്തില്‍ മരണപ്പെട്ടവരുടെ എണ്ണം രണ്ടായി. കോഴിക്കോട് മിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കിണാവൂരിലെ രതീഷ് (41) ആണ് ഞായറാഴ്ച രാവിലെ പത്തു മണിയോടെ മരണത്തിനു കീഴടങ്ങിയത്. നീലേശ്വരം എഫ്‌സിഐയിലെ ജീവനക്കാരനാണ്.
ചോയ്യങ്കോട് ടൗണിലെ ഓട്ടോഡ്രൈവര്‍ കരിന്തളം, കിണാവൂരിലെ സന്ദീപ് (38) ശനിയാഴ്ച സന്ധ്യയോടെ കണ്ണൂരിലെ ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ മരണപ്പെട്ടിരുന്നു.
വെടിക്കെട്ട് ദുരന്തത്തില്‍ പരിക്കേറ്റ് നൂറോളം പേരാണ് ഇപ്പോഴും വിവിധ ആശുപത്രിയില്‍ കഴിയുന്നത്. ഇവരില്‍ പത്തോളം പേരുടെ നില ഗുരുതരമായി തുടരുകയാണ്.
അതേ സമയം വെടിക്കെട്ടു ദുരന്തത്തില്‍ നീലേശ്വരം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ മൂന്നു പ്രതികള്‍ക്കു മജിസ്‌ട്രേറ്റ് കോടതി നല്‍കിയ ജാമ്യം ജില്ലാ സെഷന്‍സ് കോടതി റദ്ദാക്കി.