കാസര്‍കോട്: ജില്ലാ പഞ്ചായത്തു കോടിക്കണക്കിന് രൂപയുടെ പദ്ധതികളും പര്‍ച്ചേസുകളും പൊതുമേഖലാ സ്ഥാപനങ്ങളുടെ മറവില്‍ ഇഷ്ടക്കാര്‍ക്കും സ്വന്തക്കാര്‍ക്കും വീതിച്ച് നല്‍കി കോടികളുടെ അഴിമതി നടത്തുന്നുണ്ടെന്ന് മുസ്ലിം ലീഗ് ജില്ലാ ജന.സെക്രട്ടറി എ അബ്ദുള്‍റഹ്‌മാന്‍ ആരോപിച്ചു. കാസര്‍കോട് ജില്ലാ പഞ്ചായത്തിന്റെ കരാറുകളിലെ കള്ളക്കളികളും തിരിമറികളും വിജിലന്‍സിനെ കൊണ്ട് ഉടന്‍ അന്വേഷിപ്പിക്കണമെന്ന് അബ്ദുള്‍ റഹ്‌മാന്‍ മുഖ്യമന്ത്രിയോടും സംസ്ഥാന വിജിലന്‍ന്‍സ് ഡയറക്ടറോടും ആവശ്യപ്പെട്ടു.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രവൃത്തികളില്‍ മിക്കതും ചില പ്രത്യേക പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് ടെണ്ടറില്ലാതെ നല്‍കുകയും അവിടെ നിന്നും സ്വകാര്യ വ്യക്തികള്‍ക്കും ജില്ലാ പഞ്ചായത്ത് ഭരണ സമിതിക്ക് വേണ്ടപ്പെട്ടവര്‍ക്കും ഏജന്‍സികള്‍ക്കും വീതിച്ച് നല്‍കുകയും ചെയ്യുന്ന കള്ളക്കളിയാണ് നിലവില്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നു പരാതിയില്‍ അദ്ദേഹം പറഞ്ഞു.
ജില്ലാ പഞ്ചായത്തിന്റെ പദ്ധതി പ്രവൃത്തികള്‍ മുതല്‍ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം, പുനരുദ്ധാരണം, ഫര്‍ണിച്ചര്‍ വാങ്ങല്‍, സ്‌കൂളുകളിലേക്കുള്ള സൗരോര്‍ജ്ജ പ്ലാന്റുകള്‍ തുടങ്ങിയവയെല്ലാം ആദ്യം ടെണ്ടറില്ലാതെ വേണ്ടപ്പെട്ട പൊതുമേഖലാ സ്ഥാപനത്തിന് നല്‍കുകയും പിന്നീട് അവിടെ നിന്നും ജില്ലാ പഞ്ചായത്ത് ഭരണസമിതി നിര്‍ദ്ദേശിക്കുന്ന സ്വന്തക്കാര്‍ക്കും വേണ്ടപ്പെട്ടവര്‍ക്കും പ്രവൃത്തി നല്‍കുന്ന തിരക്കഥയാണ് നടന്ന് കൊണ്ടിരിക്കുന്നത്.
ഫര്‍ണിച്ചറുകള്‍ നിര്‍മ്മിക്കാത്ത പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് ഫര്‍ണ്ണിച്ചറുകളുടെയും സൗരോര്‍ജ്ജ പ്ലാന്റുകള്‍ നിര്‍മ്മിക്കാത്ത പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് അവയുടെയും കരാറുകള്‍ ടെണ്ടറില്ലാതെ ഉയര്‍ന്ന നിരക്കില്‍ നല്‍കുന്നു. സ്‌കൂളുകള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ പതിന്മടങ്ങ് ഫര്‍ണ്ണിച്ചറുകളാണ് വാങ്ങിക്കൂട്ടുന്നത്. സ്‌കൂളുകളില്‍ സാധാരണ ടോയിലറ്റുകള്‍ നിര്‍മ്മിക്കുന്നതിന് പകരം മൂന്നിരട്ടി ചിലവ് വരുന്ന പ്രീ ഫാബ് ടോയിലറ്റുകളാണ് നിര്‍ദ്ദേശിക്കപ്പെടുന്നത്. കൂടാതെ വാട്ടര്‍ പ്യൂരിഫയര്‍, റെഡിമെയ്ഡ് സ്റ്റീല്‍ വാഷ്‌ബേസിന്‍, പല സ്‌കൂളുകളിലും ഷീറ്റ് റൂഫ് ഹാളുകള്‍, പ്രീ ഫാബ് സ്റ്റീം കിച്ചന്‍ ഷെല്‍ഫുകള്‍ എന്നിവ യഥേഷ്ടം വാങ്ങിക്കൂടുകയാണ്.
പദ്ധതി നിര്‍വ്വഹണത്തിന്റെയും പൂര്‍ത്തീകരണത്തിന്റെയും അന്തസത്ത കളഞ്ഞു കുളിച്ചു കൊണ്ട് പദ്ധതി വിഹിതം സ്വന്തക്കാരുടെ കൈകളിലെത്തിച്ച് കീശ വീര്‍പ്പിക്കുന്ന ജില്ലാ പഞ്ചായത്തിന്റെ മുഴുവന്‍ ഇടപാടുകളെ കുറിച്ചും ടെണ്ടറുകളെ കുറിച്ചും പൊതുമേഖല സ്ഥാപനങ്ങളില്‍ ഉപകരാര്‍ നല്‍കിയ വ്യക്തികളെയും പ്രവൃത്തികളെയും കുറിച്ചും സമഗ്ര അന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് പരാതിയില്‍ പറഞ്ഞു.