തൃശ്ശൂര്‍: ഒടുവില്‍ കെ റെയിലിന് സന്നദ്ധത അറിയിച്ച് കേന്ദ്രം. സാങ്കേതിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ കെ റെയിലില്‍ തുടര്‍ നടപടികള്‍ക്ക് സന്നദ്ധമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഫെഡറലിസത്തില്‍ വിശ്വസിക്കുന്നു. പദ്ധതിയുടെ സാങ്കേതിക പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ തുടര്‍ നടപടികളുമായി മുന്നോട്ട് പോകാന്‍ റെയില്‍വേ സന്നദ്ധമെന്ന് അശ്വിനി വൈഷ്ണവ് അറിയിച്ചു. തടസ്സങ്ങള്‍ പരിഹരിച്ചു പുതിയ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുകയാണെങ്കില്‍ പദ്ധതി നടപ്പാക്കാന്‍ റെയില്‍വേ സന്നദ്ധമാണ്. ഈ കാര്യങ്ങള്‍ ഡല്‍ഹിയില്‍ വച്ച് മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ വ്യക്തമാക്കിയിട്ടുണ്ട്. അങ്കമാലി എരുമേലി ശബരി പാതയ്ക്ക് കേന്ദ്രം പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം തൃശ്ശൂരില്‍ പറഞ്ഞു. പുതുക്കി നിര്‍മിക്കുന്ന സ്റ്റേഷന്റെ അന്തിമ രൂപരേഖ വിലയിരുത്തുന്നതിനും മറ്റു പരിശോധനകള്‍ക്കും എത്തിയതായിരിരുന്നു കേന്ദ്ര മന്ത്രി. മഹാരാഷ്ട്രയില്‍ നടപ്പാക്കിയ മാതൃകയില്‍ അങ്കമാലി എരുമേലി ശബരി പാത നടപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എറണാകുളം – ഷൊര്‍ണൂര്‍ പാത ഒഴിച്ച് മുഴുവന്‍ മേഖലയിലും സാങ്കേതിക നിലവാരം വര്‍ധിപ്പിക്കാന്‍ ശ്രമം നടന്നു. എറണാകുളം കോട്ടയം തിരുവനന്തപുരം മൂന്ന് വരി പാതയ്ക്ക് 14% ഭൂമി മാത്രമാണ് സംസ്ഥാനം ഏറ്റെടുത്ത് നല്‍കിയതെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു. കേരളത്തിന് കൂടുതല്‍ മെമു അനുവദിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.