കണ്ണൂര്‍: ആര്‍.എസ്.എസ് നേതാവും ഹിന്ദു ഐക്യവേദി ജില്ലാ കണ്‍വീനറുമായിരുന്ന അശ്വനി കുമാറി(27)നെ വെട്ടിക്കൊലപ്പെടുത്തിയ കേസിലെ മൂന്നാം പ്രതി കുറ്റക്കാരനാണെന്നു കോടതി. എന്‍.ഡി.എഫ് പ്രവര്‍ത്തകരായ 13 പ്രതികളെ കോടതി വെറുതെ വിട്ടു. മൂന്നാം പ്രതിയായ ചാവശ്ശേരി സ്വദേശി മര്‍ഷൂഖിനുള്ള ശിക്ഷാവിധി നവംബര്‍ 14ന് പ്രസ്താവിക്കും. തലശ്ശേരി അഡീഷണല്‍ സെഷന്‍സ് കോടതി(ഒന്ന്) ജഡ്ജി ഫിലിപ് തോമസ് ആണ് വിധി പറഞ്ഞത്. 2005 മാര്‍ച്ച് 10ന് രാവിലെ പത്തേക്കാല്‍ മണിക്കാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. കണ്ണൂരില്‍ നിന്നു പേരാവൂരിലേക്ക് പോവുകയായിരുന്ന ബസിലെ യാത്രക്കാരനായിരുന്നു അശ്വിനി കുമാര്‍. ഇരിട്ടി, പഴയഞ്ചേരി മുക്കില്‍ ബസ് എത്തിയപ്പോള്‍ ജീപ്പില്‍ എത്തിയ പ്രതികള്‍ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ശേഷം ബസില്‍ കയറി വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. പാരലല്‍ കോളേജ് അധ്യാപകനായിരുന്ന അശ്വിനി കുമാര്‍ മികച്ച പ്രഭാഷകന്‍ കൂടിയായിരുന്നു.
മയ്യിലെ കരിയാടന്‍ താഴത്ത് വീട്ടില്‍ നൂറുല്‍ അമീന്‍(40), പി.കെ അസീസ് (38), ശിവപുരത്തെ പുതിയവീട്ടില്‍ പി.എം സിറാജ് (38), ഉളിക്കലിലെ എം.കെ യുനൂസ് (42), സി.പി ഉമ്മര്‍ (40), ഉളിയിലെ ആര്‍.കെ അലി (45), കൊവ്വമ്മല്‍ നൗഫല്‍ (39), പായം സ്വദേശികളായ താനിയോട്ട് യാക്കൂബ്(42), സി.എം വീട്ടില്‍ മുസ്തഫ(42), ബഷീര്‍ (49), ഇരിക്കൂര്‍ സ്വദേശികളായ കെ. ഷമ്മാസ് (35), കെ. ഷാനവാസ് (44), ബഷീര്‍ (40) എന്നിവരാണ് വിട്ടയക്കപ്പെട്ട പ്രതികള്‍.
വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് പ്രോസിക്യൂഷന്‍ പ്രതികരിച്ചു.
