നീലേശ്വരം : അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ടത്തിനിടയിലുണ്ടായ വെടിക്കെട്ടു ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റു ചികിത്സയിലായിരുന്ന ഒരു യുവാവു മരിച്ചു. ചോയ്യംകോട്, കിനാവൂരിലെ സന്ദീപാ ണു ശനിയാഴ്ച സന്ധ്യക്കു ഏഴുമണിയോടെ അന്തരിച്ചത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയുണ്ടായ ദുരന്തത്തിൽ ഗുരുതരമായി പരിക്കേറ്റ സന്ദീപ് കണ്ണൂരിൽ സ്വകാര്യാശുപത്രിയിൽ ചികിത്സയിലായിരുന്നു. ദുരന്തത്തിൽ 154 പേർക്കു പരിക്കേറ്റിരുന്നു. ഗുരുതരമായി പരിക്കേറ്റ നൂറോളം പേർ മംഗളൂരു, കോഴിക്കോട് , കണ്ണൂർ, എന്നിവിടങ്ങളിൽ ആശുപതികളിൽ ചികിത്സയിലാണ്. ഇവരിൽ പത്തോളം പേരുടെ നില അതീവ ഗുരുതരമാണെന്നു അധികൃതർ അറിയിച്ചു. ചൊവ്വാഴ്ച രാത്രി വീരർകാവ് കളിയാട്ടത്തിൻ്റെ ഭാഗമായി മൂവാളംകുഴി ചാമുണ്ഡിയുടെ കുളിച്ചു തോറ്റം നടക്കുന്നതിനിടയിൽ മാലപ്പടക്കത്തിനു തിരികൊളുത്തുമ്പോൾ പടക്ക ശേഖരത്തിൽ തീപ്പൊരി വീണതാണ് അപകടത്തിന് ഇടയാക്കിയത്.