കാസര്‍കോട്: കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരില്‍ നിന്നായി ലക്ഷക്കണക്കിനു രൂപ തട്ടിയെടുത്ത മുന്‍ ഡി.വൈ.എഫ്.ഐ നേതാവും അധ്യാപികയുമായ ഷേണി, ബെല്‍ത്തക്കല്ലിലെ സച്ചിതാറൈയ്‌ക്കെതിരെ പൊലീസ് ഒരു കേസു കൂടി രജിസ്റ്റര്‍ ചെയ്തു. ബെള്ളൂര്‍, കിന്നിംഗാറിലെ ലീലാവതിയുടെ പരാതിയില്‍ ആദൂര്‍ പൊലീസാണ് കേസെടുത്തത്. ലീലാവതിയുടെ മകന്‍ ചന്ദ്രശേഖരനു കര്‍ണ്ണാടക എക്‌സൈസില്‍ ജോലി വാഗ്ദാനം ചെയ്ത് മൂന്നരലക്ഷം രൂപ തട്ടിയെടുത്തുവെന്നാണ് പരാതി.
ബാഡൂര്‍ എ.എല്‍.പി സ്‌കൂളിലെ അധ്യാപികയാണ് സച്ചിതാറൈ. സിപിസിആര്‍ഐ കേന്ദ്രീയ വിദ്യാലയം, എക്‌സൈസ് വകുപ്പ് എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്താണ് മറ്റുള്ളവരില്‍ നിന്ന് ഇവര്‍ പണം തട്ടിയെടുത്തത്. സച്ചിതയ്‌ക്കെതിരെ കേരള പൊലീസില്‍ 15 കേസുകളും കര്‍ണ്ണാടകയില്‍ ഒരു കേസുമാണ് നിലവിലുള്ളത്.
കുമ്പള പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ അറസ്റ്റിലായ സച്ചിത കണ്ണൂര്‍, വനിതാ ജയിലില്‍ റിമാന്റിലാണ്.