2006മുതല്‍ കേരളത്തില്‍ പ്രവര്‍ത്തിച്ചു വരുന്ന എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടിരുന്ന ഞങ്ങള്‍ കുറച്ചു പേര്‍ ബാംഗളൂര്‍ മല്ലേശ്വരത്തെ ഒരു സെക്‌സ് വര്‍ക്കേര്‍സ് ഓഫീസ് സന്ദര്‍ശിച്ചു. അവിടുത്തെ പ്രവര്‍ത്തനം നേരിട്ടുകണ്ട് പഠിക്കാനും അവരുടെ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തന രീതി മനസ്സിലാക്കാനുമാണ് ഞങ്ങള്‍ ചെന്നത്. ടീമില്‍ 30 പേരുണ്ടായിരുന്നു. സര്‍ക്കാര്‍ സഹായത്തോടെയാണ് അവരുടെ സംഘം പ്രവര്‍ത്തിക്കുന്നത്. നല്ലൊരു ഓഫീസ് കെട്ടിടമുണ്ട്. അവിടെ ഹെല്‍ത്ത് സ്റ്റാഫ് പ്രവര്‍ത്തിക്കുന്നുണ്ട്. പ്രശ്‌ന പരിഹാര സെല്ലും പ്രവര്‍ത്തിക്കുന്നു. നേതാക്കന്മാരെല്ലാം ഉന്നത വിദ്യാഭ്യാസമുള്ളവരാണ്. ആ സംഘടന ചെയ്യുന്ന ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളെക്കുറിച്ച് ക്ലാസെടുത്തു. ഫീല്‍ഡില്‍ കൊണ്ടുപോയി കാര്യങ്ങള്‍ വിശദീകരിച്ചു തന്നു. കേരളത്തിലും സെക്‌സ് വര്‍ക്കേര്‍സിനു ഇത്തരമൊരു സംരംഭം തുടങ്ങാന്‍ പറ്റും എന്ന ധാരണയോടെയാണ് ഞങ്ങള്‍ പിരിഞ്ഞത്. ഞങ്ങളുടെ 30 അംഗ ടീമില്‍ സി.ബി.ഒ. പ്രതിനിധികളും ഉണ്ടായിരുന്നു. അതില്‍ ഒരാളായിരുന്നു എറണാകുളം ജില്ലയിലെ തൊടുപുഴയില്‍ പ്രവര്‍ത്തിക്കുന്ന ‘സ്വരുമ’ എന്ന സി.ബി.ഒ. യുടെ സെക്രട്ടറി അശ്വതി.
അവിടെ സമയവും സന്ദര്‍ഭവും കിട്ടുമ്പോഴൊക്കെ വ്യക്തികള്‍ക്കുണ്ടായ അനുഭവങ്ങളും പങ്കുവെച്ചിരുന്നു. അശ്വതി അവരുടെ അനുഭവം പങ്കുവെച്ചതിങ്ങനെയാണ്: പയ്യന്നൂരിനടുത്ത് ഒരു മലയോര ഗ്രാമത്തിലായിരുന്നു ജനനം.
എസ്. എസ്.എല്‍.സി. വരെ പഠിച്ചു. കുഞ്ഞായിരിക്കുമ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മയ്ക്ക് ചെറുപ്രായമായിരുന്നു. അതിനാല്‍ രണ്ടാമതൊരു വിവാഹത്തിന് അമ്മ തയ്യാറായി. പതിനഞ്ചു വയസ്സുള്ള കറുത്ത സുന്ദരിയായ പെണ്‍കുട്ടിയായിരുന്നു ഞാന്‍.
രണ്ടാനച്ഛന്‍ എന്നില്‍ കണ്ണ് വെക്കാന്‍ തുടങ്ങിയെന്ന് എനിക്ക് തോന്നിത്തുടങ്ങി. അദ്ദേഹത്തിന്റെ സാമീപ്യത്തില്‍ നിന്നും ഒഴിഞ്ഞുമാറാന്‍ ആവുന്നതും ഞാന്‍ ശ്രമിച്ചു കൊണ്ടിരിന്നു. മനസ്സില്ലാമനസ്സോടെ ഒരു രക്ഷയുമില്ലാത്തതിനാല്‍ ബാഹ്യമായ ക്രീഡകള്‍ക്കൊക്കെ ഞാന്‍ നിന്നു കൊടുത്തു. പക്ഷെ ദിവസം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ ദ്രോഹം ചെയ്തു തുടങ്ങി. ലൈംഗിക വേഴ്ച്ചക്ക് ഒരുങ്ങിയപ്പോള്‍ അതു മാത്രം പറ്റില്ലെന്ന് പറഞ്ഞ് കരഞ്ഞ് കൊണ്ട് ഞാന്‍ പുറത്തേക്കോടി.
അതിന് സമ്മതിക്കാത്തപ്പോള്‍ വധഭീഷണിയായി. സ്വന്തം അമ്മയോട് ഞാന്‍ ഇക്കാര്യം പറഞ്ഞു. പക്ഷെ അമ്മയും രണ്ടാനച്ഛന് എതിര് നിന്നില്ല. തന്നെയും ഉപേക്ഷിച്ച് പോയ്ക്കളയും എന്ന പേടിയായിരുന്നു അമ്മയ്ക്ക്. അതിന് എന്നോടുള്ള പ്രതികാരമാണോ എന്നറിയില്ല. പതിനാറുകാരിയായ എന്നെ ഒരു നാല്‍പ്പത്തെട്ടുകാരനെക്കൊണ്ട് കെട്ടിച്ചു.
ഞാന്‍ എതിര്‍ത്തില്ല. അങ്ങനെയെങ്കിലും ഈ നരകത്തില്‍ നിന്ന് രക്ഷപ്പെടാമല്ലോയെന്നോര്‍ത്തു. പക്ഷെ അവിടെയും ദൈവം തുണച്ചില്ല. മുഴുമദ്യപാനിയായിരുന്നു അയാള്‍. കുടിച്ചു വന്ന് ശാരീരിക പീഡനം തുടങ്ങും. ഒരു മാസത്തോളം സഹിച്ചു. സഹിക്ക വയ്യാതായപ്പോ അവിടെ നിന്ന് രക്ഷപെട്ട് സ്വന്തം വീട്ടിലേക്ക് വന്നു. വീട്ടിലും സൈ്വര്യമില്ലാതായി.
രണ്ടാനച്ഛനും അമ്മയും എന്നെ വഴക്കുപറയാന്‍ തുടങ്ങി. എന്റെ നിസ്സഹായാവസ്ഥ ആര്‍ക്കും മനസ്സിലാവുന്നില്ല. ഇനി ജീവിക്കാന്‍ വയ്യ മാര്‍ഗ്ഗം ഒന്നേയുള്ളു ആത്മഹത്യ. രണ്ടും തീരുമാനിച്ചു വീട്ടില്‍ നിന്ന് ഇറങ്ങി. ആത്മഹത്യ ചെയ്യാനുള്ള തയ്യാറെടുപ്പോടെയാണ് വന്നത്. എത്തിപ്പെട്ടത് കണ്ണൂര്‍ ജില്ലയിലെ അറിയപ്പെടുന്ന ഒരു ക്ഷേത്രപരിസരത്താണ്.
ഭക്ഷണവും മറ്റും സൗജന്യമായി കിട്ടുന്നതിനാല്‍ രണ്ടുമൂന്നു ദിവസം അവിടെ കഴിച്ചു കൂട്ടി. പലരും സംശയദൃഷ്ടിയോടെ നോക്കാന്‍ തുടങ്ങി. ഒരു ചെറുപ്പക്കാരന്‍ സമീപിച്ചു. അദ്ദേഹത്തോട് കാര്യം തുറന്നു പറഞ്ഞു. കൂടെ ചെല്ലാന്‍ പറഞ്ഞു. സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. അങ്ങനെ ആദ്യമായി ഒരന്യ പുരുഷന് എന്റെ എല്ലാം കാഴ്ചവെച്ചു. ആ മനുഷ്യന്‍ ഒരു തുക കയ്യിലേല്‍പ്പിച്ചു എങ്ങോട്ടോ പോയ്ക്കളഞ്ഞു. പിന്നീട് ഓരോ ദിവസവും ഓരോരുത്തര്‍ സമീപിച്ചു.
ഏതായാലും ഞാന്‍ പിഴച്ചു. മരിക്കാത്തതിനേക്കാള്‍ നല്ലതല്ലേ ഇങ്ങനെ ജീവിക്കുന്നത് എന്നായിരുന്നു എന്റെ ചിന്ത.
കുറച്ച് ദിവസം കഴിഞ്ഞപ്പോള്‍ അവിടം വിട്ടു. ചെന്നെത്തിയത് എറണാകുളം ജില്ലയിലെ മൂവാറ്റുപുഴയിലായിരുന്നു. അവിടെ എന്നെ പോലുള്ള ധാരാളം പേരുണ്ടായിരുന്നു. അവരൊപ്പം കൂടി സെക്‌സ് വര്‍ക്കര്‍ എന്ന നിലയില്‍ തന്നെ തുടര്‍ന്നു. ആയിടക്ക് സ്‌നേഹധനനായ ഒരു ചെറുപ്പക്കാരനെ കണ്ടുമുട്ടി. അദ്ദേഹം എന്നെ ആത്മാര്‍ത്ഥമായി സ്‌നേഹിക്കുന്നു എന്ന് മനസ്സിലായി. ഇതേ വരെ ആരില്‍ നിന്നും ഒരിറ്റു സ്‌നേഹം കിട്ടാത്ത എനിക്ക് അദ്ദേഹത്തിന്റെ സ്‌നേഹം വലിയൊരനുഗ്രഹമായി. ഞാന്‍ സെക്‌സ് വര്‍ക്കിന് പോകുന്നത് നിര്‍ത്തി. ആറ് വര്‍ഷത്തോളം ഞങ്ങള്‍ ഭാര്യാഭര്‍ത്താക്കന്മാരെ പോലെ ജീവിച്ചു. എന്റെ നിര്‍ഭാഗ്യം. അദ്ദേഹം ഒരു മോട്ടോര്‍ ആക്‌സിഡന്റില്‍ പെട്ടു മരിച്ചു. ആ ബന്ധത്തില്‍ ഒരു കുഞ്ഞുമുണ്ടായി. വീണ്ടും അനാഥത്വത്തിലേക്ക്. കൂടെ ഒരു കൊച്ചുകുഞ്ഞിന്റെ ബാധ്യതയും. വീണ്ടും പഴയ ലാവണത്തിലേക്ക് തന്നെ. എട്ടുവയസ്സുകാരിയായ മകളെ ഒരു കോണ്‍വെന്റില്‍ ചേര്‍ത്തു പഠിപ്പിക്കുന്നു. നാല്‍പതിനടുത്ത് പ്രായമുണ്ടെങ്കിലും വളരെ പ്രസരിപ്പോടെയാണ് അശ്വതി എല്ലാ കാര്യങ്ങളും ചെയ്യുന്നത്.
ഇപ്പോഴും സെക്‌സ് വര്‍ക്കിന് പോകുന്നുണ്ട്. ശരിക്കും ജീവിതം പഠിച്ചതിനാല്‍ സമൂഹത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ അറിയാം. മാന്യമായി പെരുമാറും. കോണ്ടം ഉപയോഗിക്കാതെ സെക്‌സില്‍ ഏര്‍പ്പെടില്ല. പ്രായപൂര്‍ത്തിയാവാത്ത ചെറുപ്പക്കാര്‍ സമീപിച്ചാല്‍ അവരെ ഉപദേശം നല്‍കി തിരിച്ചയക്കും. കസ്റ്റമേര്‍സിനോട് നമ്മള്‍ തമ്മിലുള്ള ഇടപാട് അരമണിക്കൂറോ ഒരു മണിക്കൂറോ ആണ്. അത് കഴിഞ്ഞ് പിന്നൊരു ബന്ധവുമില്ല. അതിന് കൃത്യമായ കാശ് മുന്‍കൂര്‍ തന്നിരിക്കണം എന്ന് ആദ്യമേ പറയും. എന്തെങ്കിലും പ്രശ്‌നം പറഞ്ഞ് വഴക്കുണ്ടാക്കരുത്. അങ്ങനെ ഉണ്ടായാല്‍ ഞാന്‍ വിളിച്ചു കൂവും. എനിക്ക് നഷ്ടപ്പെടാനൊന്നുമില്ല. നിങ്ങള്‍ക്ക് ഭാര്യയും ബന്ധുക്കളും കാണും. വെറുതെ പ്രശ്‌നമുണ്ടാക്കരുത്. അശ്വതിയുടെ വാക്കുകള്‍ക്ക് ശക്തിയുണ്ട് ഊര്‍ജസ്വലതയുണ്ട്, മനുഷ്യത്വമുണ്ട്. ‘സമൂഹത്തിലെ മാന്യന്മാരാല്‍ വഞ്ചിക്കപ്പെടുന്ന സഹോദരിമാരെ രക്ഷപ്പെടുത്താന്‍ ഞാന്‍ എന്നാലാവും വിധം ചെയ്യും’ എന്നെ പോലെയുള്ള സഹോദരിമാരെ അകറ്റി നിര്‍ത്തി അവഹേളിച്ചു വിടുന്ന കപട മാന്യത മാറ്റണം. ഞങ്ങളെയും മനുഷ്യരായി കാണണം. ഇതായിരുന്നു അവളുടെ വാക്കുകള്‍.