ജോദ്പൂര്‍: രാജസ്ഥാനിലെ ജോദ്പൂരില്‍ കാണാതായ 50-കാരിയെ രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തിയത് ആറ് കഷ്ണങ്ങളാക്കിയ നിലയില്‍. ജോദ്പൂരില്‍ ബ്യൂട്ടി പാര്‍ലര്‍ നടത്തുന്ന അനിത ചൗധരിയാണ് കൊല്ലപ്പെട്ടത്. മൊബൈല്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തില്‍ അയല്‍വാസിയും സുഹൃത്തുമായ ഗുല് മുഹമ്മദ് എന്നയാളാണ് കൃത്യം ചെയ്തതെന്ന് കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
മുഹമ്മദിന്റെ ഭാര്യയുടെ മൊഴി പ്രകാരം, കുഴിച്ചിട്ട നിലയിലാണ് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയത്. ഒക്ടോബര്‍ 27ന് ബ്യൂട്ടി പാര്‍ലറില്‍ നിന്നും മടങ്ങിയ അനിത ചൗധരിയെ കാണാതാകുകയായിരുന്നു. തുടര്‍ന്ന് ഇവരെ കാണാനില്ലെന്ന പരാതിയുമായി ഭര്‍ത്താവ് മന്‍മോഹന്‍ ചൗധരി പൊലീസിനെ സമീപിച്ചിരുന്നു. പിന്നീടുള്ള അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിയുന്നത്. സൈബര്‍സെല്‍ വഴി നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. കൊലയ്ക്ക് ശേഷം ഒളിവില്‍ പോയ മുഹമ്മദിനായി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
