തൃശൂര്‍: സംസ്ഥാന രാഷ്ട്രീയത്തില്‍ കെട്ടടങ്ങാത്ത വിവാദമായ പൂരം കലക്കല്‍ സിബിഐ.യെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിനെ കേന്ദ്രമന്ത്രി സുരേഷ്‌ഗോപി വെല്ലുവിളിച്ചു. ധൈര്യമുണ്ടെങ്കില്‍ സര്‍ക്കാര്‍ അതിനു തയ്യാറാകണമെന്നു വാര്‍ത്താലേഖകരോടു സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
സഹകരണമേഖലയിലെ കോടിക്കണക്കിനു രൂപയുടെ തട്ടിപ്പിന്റെ ഉറവിടമായ കരുവന്നൂര്‍ സഹകരണ ബാങ്ക് കൃത്രിമങ്ങള്‍ മറച്ചുപിടിക്കാനും അതിനു പിന്നിലുള്ളവരെ സംരക്ഷിക്കാനുമാണ് പൂരം കലക്കല്‍ വിവാദമാക്കി സര്‍ക്കാര്‍ നിലനിറുത്തുന്നതെന്നു സുരേഷ് ഗോപി പറഞ്ഞു. ഇതിനു വേണ്ടി സാഹചര്യത്തിനനുസരിച്ചു ഓരോ വെളിപാടുകള്‍ സിപിഎം നേതാക്കളും സര്‍ക്കാരും പറയുന്നു.
തൃശൂരിലെ ജനങ്ങള്‍ തനിക്ക് വോട്ട് ചെയ്തതു കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പിനോടുള്ള പ്രതിഷേധം കൊണ്ടാണ്-കേന്ദ്രമന്ത്രി ആവര്‍ത്തിച്ചു.
പൂരം കലക്കലുമായി ബന്ധപ്പെട്ടു താന്‍ ആംബുലന്‍സില്‍ വന്നിറങ്ങിയെന്നു ചിലര്‍ മത്സരിച്ചു പ്രചരിപ്പിച്ചില്ലേ എന്ന് അദ്ദേഹം ചോദിച്ചു. അവരുടെ മൊഴിയെടുത്തിട്ടുണ്ടല്ലോ. ആ മൊഴിയില്‍ എന്താ കേസെടുക്കാത്തതെന്ന് അദ്ദേഹം ആരാഞ്ഞു.
താന്‍ അഞ്ചുകിലോമീറ്റര്‍ ദൂരത്തോളം കാറിലാണ് പൂരത്തിനെത്തിയത്. തന്റെ കാര്‍ ഗുണ്ടകള്‍ അക്രമിച്ചു. തന്നെ രക്ഷിച്ചതു രാഷ്ട്രീയമൊന്നുമില്ലാത്ത ചെറുപ്പക്കാരായിരുന്നു. അവിടെ നിന്നാണ് താന്‍ ആംബുലന്‍സില്‍ കയറിയതെന്നു അദ്ദേഹം പറഞ്ഞു. താന്‍ ആരുടെയും അച്ഛനു വിളിച്ചിട്ടില്ലെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
എന്നാല്‍ തൃശൂരില്‍ സുരേഷ് ഗോപിയുടെ വിജയത്തിനു പിന്നില്‍ ഒറ്റത്തന്തയല്ലെന്നും കോണ്‍ഗ്രസ് എന്ന തന്ത കൂടിയുണ്ടെന്നും മന്ത്രി മുഹമ്മദ് റിയാസ് കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സുരേഷ് ഗോപിയുടെ ഒറ്റത്തന്ത പ്രയോഗത്തില്‍ ആ അര്‍ത്ഥത്തില്‍ മറുപടി പറയാന്‍ സിപിഎമ്മിന് ആഗ്രഹമില്ലെന്ന് റിയാസ് കൂട്ടിച്ചേര്‍ത്തു.
