കാസര്‍കോട്: കുമ്പളയിലെ സര്‍വീസ് റോഡില്‍ ടോറസ് ലോറി കയറി ഓവുചാല്‍ തകര്‍ന്നതിനെ തുടര്‍ന്ന് രൂപപ്പെട്ട കുഴി പത്തുദിവസം പിന്നിട്ടിട്ടും മൂടിയില്ല. ദേശീയപാതയുടെ കരാറുകാരാണ് കുഴി മൂടേണ്ടതെന്നാണ് പഞ്ചായത്തു അധികൃതര്‍ പറയുന്നത്. അതേസമയം പഞ്ചായത്ത് നിര്‍മിച്ച ഓവുചാലായാതിനാല്‍ പഞ്ചായത്തു തന്നെയാണ് അറ്റകുറ്റപ്പണികള്‍ ചെയ്യേണ്ടതെന്നാണ് ദേശീയപാതയുടെ കരാറുകാരായ ഊരാളുങ്കല്‍ സൊസൈറ്റി അധികൃതരും പറയുന്നത്. ഇനി ആര് കുഴി മൂടും എന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്. ഇതിനകം തന്നെ നാലുപേര്‍ക്ക് കുഴിയില്‍ വീണ് പരിക്കേറ്റിരുന്നു. സര്‍വീസ് റോഡിനോട് ചേര്‍ന്ന ഓവുചാലിലെ മരണക്കുഴി വാഹനയാത്രക്കാര്‍ക്ക് ഏറെ അപകടഭീതിയാണ് സൃഷ്ടിക്കുന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികളും റെയില്‍വേ സ്റ്റേഷനില്‍ പോകുന്നവരുമടക്കം നൂറുകണക്കിന് ആളുകള്‍ ദിവസേന ഇതുവഴി കടന്നു പോകുന്നുണ്ട്. ലോറി കയറി ഓവുചാലിന്റെ ഏതാനും സ്ലാബ് തകര്‍ന്നാണ് കുഴി രൂപപ്പെട്ടത്.