തിരുവനന്തപുരം: ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷ നിറവിലാണ് ഇന്ന് രാജ്യം. സമ്പത്തിന്റേയും ഐശ്വര്യത്തിന്റേയും പ്രതീകമായ ദീപാവലി കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം ഇന്ന് തന്നെയാണ് ആഘോഷിക്കുന്നത്. പരസ്പരം മധുരം കൈമാറിയും മണ്‍ ചിരാതുകളില്‍ ദീപം തെളിച്ചും പടക്കങ്ങള്‍ പൊട്ടിച്ചുമാണ് രാജ്യമാകെ ദീപാവലി ആഘോഷിക്കുന്നത്. രാവണനെ വധിച്ച് രാമന്‍ സ്വന്തം രാജ്യമായ അയോധ്യയില്‍ തിരിച്ചെത്തിയതിന്റെ ആഘോഷമാണ് ദീപാവലി എന്ന് ഐതിഹ്യമുണ്ട്. സീതയും ലക്ഷ്മണനുമൊത്തുള്ള 14 വര്‍ഷത്തെ വനവാസം കഴിഞ്ഞ് അയോധ്യയിലേയ്ക്കുള്ള രാമന്റെ തിരിച്ചുവരവാണിത്. ഇരുട്ടിന്‍മേല്‍ വെളിച്ചത്തിന്റെയും തിന്മയുടെ മേല്‍ നന്മയുടെയും വിജയത്തിന്റെയും പ്രതീകമാണ് ദീപാവലിയെന്നാണ് വിശ്വാസം. ദീപാവലി ആഘോഷത്തെക്കുറിച്ച് ഐതീഹ്യങ്ങള്‍ പലതാണ്.
ലക്ഷ്മീദേവി അവതരിച്ച ദിവസമാണ് ദീപാവലി എന്നാണ് അതിലെ പ്രധാന ഐതിഹ്യം. അതിനാല്‍ തന്നെ ദീപാവലി നാളില്‍ പ്രധാനമായും ആരാധിക്കുന്നത് മഹാലക്ഷ്മിയെയാണ്. അതേസമയം ശ്രീകൃഷ്ണ ഭഗവാന്‍ നരകാസുരനെ നിഗ്രഹിച്ച് ലോകത്തെ രക്ഷിച്ചതിന്റെ ഓര്‍മ പുതുക്കലാണു ദീപാവലിയെന്നും ഐതിഹ്യമുണ്ട്. ദീപങ്ങളുടെ ഉത്സവമായ ദീപാവലി ആഘോഷിക്കാന്‍ മാത്രമുള്ളതല്ല, വ്രതമനുഷ്ഠിക്കാവുന്ന ദിവസം കൂടിയാണ്. ദീപാവലി ദിവസം വ്രതമനുഷ്ഠിച്ചാല്‍ കുടുംബത്തില്‍ ഐശ്വര്യം ഉണ്ടാകുമെന്നാണു വിശ്വാസം.
ദീപങ്ങളുടെ ഉത്സവം നാട് ആഘോഷിക്കവെ മുഖ്യമന്ത്രി പിണറായി വിജയനും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും ആശംസ നേര്‍ന്നു. തിന്മയുടെ കൂരിരുട്ട് അകറ്റി നന്മയുടെ വെളിച്ചം പകരുന്ന ദീപോത്സവമാണ് ദീപാവലി. കേരളത്തിലും ഉത്തരേന്ത്യയിലുമെല്ലാം ഇന്ന് തന്നെയാണ് ദീപാവലി ആഘോഷിക്കുന്നത്. സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും വെളിച്ചം നിറതക്കുന്നതാകട്ടെ ദീപാവലി ആഘോഷമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
ലോകമെമ്പാടുമുള്ള കേരളീയര്‍ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ദീപാവലി ആശംസകള്‍ നേര്‍ന്നു. ‘ആഘോഷത്തിന്റെ ആഹ്ലാദത്താല്‍ ജനമനസ്സുകളെ ധന്യമാക്കുന്നതോടൊപ്പം സമഷ്ടിസ്നേഹവും ഐക്യബോധവും കൊണ്ട് സാമൂഹിക ഒരുമയെ ശക്തിപ്പെടുത്താനും ദീപങ്ങളുടെ ഉത്സവം നമുക്ക് പ്രചോദനമേകട്ടെ’. – ഗവര്‍ണര്‍ ആശംസ സന്ദേശത്തില്‍ പറഞ്ഞു.