തിരുവനന്തപുരം: സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് കുതിപ്പ്. ചൊവ്വാഴ്ച ചരിത്രത്തിലാദ്യമായി 59,000 എത്തിയ സ്വര്‍ണ വില ദീപാവലി തലേന്ന് വീണ്ടും കുതിച്ചു. 520 രൂപയാണ് ഇന്ന് മാത്രം വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് 7440 രൂപയാണ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 59,520 രൂപയാണ്. ഇങ്ങനെ പോയാല്‍ വില 60,000 കടക്കുമോ എന്ന ആശങ്കയിലാണ് ആഭരണം വാങ്ങാനായി കാത്തിരിക്കുന്നവര്‍.
തിങ്കളാഴ്ച വില കുറഞ്ഞത് ആശ്വാസമായിരുന്നു. 360 രൂപയാണ് തിങ്കളാഴ്ച ഒറ്റയടിക്ക് കുറഞ്ഞിരുന്നത്. ശനി, ഞായര്‍ ദിവസങ്ങളില്‍ ഒരേ വിലയിലാണ് സംസ്ഥാനത്ത് സ്വര്‍ണ വ്യാപാരം നടന്നത്. ചൊവ്വാഴ്ച ഒറ്റയടിക്ക് 480 രൂപ വര്‍ധിച്ചു. രണ്ട് ദിവസത്തിനിടെ മാത്രം 1000 രൂപയുടെ വര്‍ധനവാണ് സ്വര്‍ണവിലയിലുണ്ടായത്. ഒക്ടോബര്‍ 10ന് ഒരു പവന് രേഖപ്പെടുത്തിയ 56,200 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. ഈ മാസം ഇതുവരെ ഗ്രാമിന് 7000 രൂപയ്ക്ക് മുകളിലാണ് വിലയെന്നതും ശ്രദ്ധേയമാണ്. ഒക്ടോബര്‍ 16 നാണ് വില 57,000 വും ഒക്ടോബര്‍ 19 ന് 58,000 വും ഒക്ടോബര്‍ 29ന് 59,000 വും കടന്ന സ്വര്‍ണവില വീണ്ടും കുതിച്ചുയരുകയാണ്. സ്വര്‍ണാഭരണങ്ങള്‍ വാങ്ങാന്‍ ഏറ്റവും നല്ല മുഹൂര്‍ത്തമായി ധന്‍തേരസ് കണക്കാക്കുന്നു. ദീപാവലി ആഘോഷങ്ങള്‍ക്ക് മുമ്പുള്ള ധന്‍തേരസ് ആഘോഷത്തിന്റെ ഭാഗമായി ഇന്ത്യയില്‍ സ്വര്‍ണത്തിന്റെ ഡിമാന്‍ഡ് ഉയര്‍ന്നിട്ടുണ്ട്. കേരളത്തില്‍ സ്വര്‍ണവില പവന് വൈകാതെ 60,000 രൂപയെന്ന നാഴികക്കല്ല് ഭേദിക്കുമെന്നാണ് വിലയിരുത്തല്‍. രാജ്യാന്തര വില റെക്കോര്‍ഡ് തകര്‍ത്ത് കുതിച്ചതിന്റെ പ്രതിഫലനമാണ് കേരളത്തിലും കാണുന്നത്. യു എസ് തിരഞ്ഞെടുപ്പിന്റെ ഭാഗമായിട്ടാണ് രാജ്യാന്തര വിപണിയില്‍ വില കുതിച്ചുയരുന്നത്.