കാസർകോട്: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ പോക്‌സോ വകുപ്പുകൾ പ്രകാരം ഇരട്ട ജീവപര്യന്തം തടവിനും 3.5 ലക്ഷം രൂപ പിഴയടക്കാനും ശിക്ഷിച്ചു. ചെറുവത്തൂർ തിമിരി ആശാരിമൂലയിലെ കെ.വി. കുഞ്ഞികൃഷ്ണൻ (61)നെയാണ് ഹൊസ്ദുർഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി.എം. സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കിൽ ഒന്നര വർഷം അധിക തടവും അനുഭവിക്കണം. 2020, 2021 വർഷങ്ങളിൽ ആറിലും ഏഴിലും പഠിക്കുന്ന സമയത്താണ് പെൺകുട്ടിയെ പീഡിപ്പിച്ചതെന്നാണ് പരാതി. കൊവിഡ് വിട്ട് മാറി സ്‌കൂൾ തുറക്കുന്നതിന് തൊട്ടുമുമ്പുള്ള ദിവസവും അതിനിടയിലുള്ള പല ദിവസങ്ങളിലും പ്രതി തൻ്റെ വീട്ടിൽ വച്ച് പെൺകുട്ടിയെ പീഡിപ്പിച്ചു. വീടിന്റെ മുകളിലെ കിടപ്പുമുറിയിലേക്ക് കൂട്ടിക്കൊണ്ടുപോയാണ് ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയത്. പ്രതിയുടെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്നാണ് കേസ്.ചീമേനി പൊലീസ് എസ്.ഐ. ആയിരുന്ന കെ. അജിതയാണ് കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്.പ്രോസിക്യൂഷനുവേണ്ടി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ. ഗംഗാധരൻ ഹാജരായി.